ഭക്ഷ്യവിഷബാധ; കോട്ടയത്തെ ‘മലപ്പുറം കുഴിമന്തി’ ഹോട്ടൽ ഡിവൈഎഫ്ഐ അടിച്ചുതകര്‍ത്തു

കോട്ടയം: സംക്രാന്തിയിൽ ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് രശ്മി രാജ് മരിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ മലപ്പുറം കുഴിമന്തി ഹോട്ടലിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഹോട്ടൽ അടിച്ചുതകർത്തു. നഗരസഭയുടെ വീഴ്ചയാണ് രശ്മിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഡി.വൈ.എഫ്.ഐ. ആരോപിച്ചു.

പരാതിയെ തുടർന്ന് നഗരസഭ കടയടപ്പിച്ചിരുന്നു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ കട അടിച്ചുതകർക്കുകയായിരുന്നു. ചെടിച്ചട്ടികളും ബോര്‍ഡുകളടക്കം തല്ലിതകര്‍ത്തു. തുടർന്ന് സംക്രാന്തിയിൽ പ്രതിഷേധ പ്രകടനം നടത്തി. നഗരസഭ പരിശോധനകള്‍ നടത്താതിരിക്കുന്നതാണ് ഇത്തരത്തില്‍ മരണമുണ്ടാവാന്‍ കാരണമെന്നാരോപിച്ചായിരുന്നു ഡി.വൈ.എഫ്.ഐ മാർച്ച്.

ഈ ഹോട്ടലിൽ ഭക്ഷണം കഴിച്ചവർക്ക് മുമ്പും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. അന്ന് സ്ഥാപനത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതാണ് ഭക്ഷ്യവിഷബാധയേറ്റുള്ള മരണത്തിലേക്ക് നയിച്ചതെന്ന് പരാതിയുണ്ട്.