ഇന്ത്യയിലേക്ക് ആദ്യമായി നേപ്പാളില്‍ നിന്ന് സിമന്റ് കയറ്റുമതി

ന്യൂഡല്‍ഹി: നേപ്പാൾ ഇന്ത്യയിലേക്കുള്ള സിമന്‍റ് കയറ്റുമതി ആരംഭിച്ചു. ഇതാദ്യമായാണ് നേപ്പാളിൽ നിന്ന് സിമന്‍റ് ഇറക്കുമതി ചെയ്യുന്നത്. പൽപ സിമന്‍റ് ഇൻഡസ്ട്രീസിൽ നിന്നുള്ള താൻസെൻ ബ്രാൻഡിന്‍റെ സിമന്‍റ് ആണ് ഇന്ത്യയിലെത്തുന്നത്.
കയറ്റുമതിയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് നവല്‍പരസി ജില്ലയില്‍ പല്‍പ സിമന്റ് ഇന്‍ഡസ്ട്രീസ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു.
ആദ്യ ദിവസം 3000 ചാക്ക് സിമന്‍റ് ഇന്ത്യയിലേക്ക് അയച്ചതായും ദൈനംദിന ആവശ്യാനുസരണം സിമന്‍റ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുമെന്നും പൽപ സിമന്‍റ് ഇൻഡസ്ട്രീസ് പിആർഒ ജീവൻ നിരുവാല പറഞ്ഞു. നേപ്പാളിൽ നിന്നുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് സിമന്‍റ് നിർമ്മിക്കുന്ന കമ്പനികൾക്ക് കയറ്റുമതി തീരുവയിൽ എട്ട് ശതമാനം കിഴിവ് നൽകുമെന്ന് നേപ്പാൾ സർക്കാർ വാർഷിക ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

സിമന്‍റ് നിർമാണത്തിൽ നേപ്പാളിന്‍റെ സ്വയംപര്യാപ്തതയെ വ്യവസായ പ്രമുഖർ സ്വാഗതം ചെയ്തു. ഏകദേശം 50 ഓളം സിമന്‍റ് നിർമ്മാണ കമ്പനികൾ നേപ്പാളിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പൽപ്പ ഉൾപ്പെടെ 15 കമ്പനികൾ സിമന്‍റും ക്ലിങ്കറുകളും നിർമ്മിക്കുന്നു.