അഗ്നിപഥ് പ്രതിഷേധത്തിന് പിന്തുണയുമായി പ്രിയങ്ക

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് കോൺഗ്രസിന്റെ പൂർണ പിന്തുണ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അഗ്നിപഥിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് എംപിമാരും നേതാക്കളും സംഘടിപ്പിച്ച ജന്തർമന്ദറിൽ നടന്ന സത്യാഗ്രഹത്തിൽ സംസാരിക്കുകയായിരുന്നു അവർ. “നിങ്ങളേക്കാൾ വലിയ ദേശസ്നേഹികളില്ല. നിങ്ങളുടെ കണ്ണുകൾ തുറന്ന് വ്യാജ ദേശീയവാദികളെയും വ്യാജ ദേശസ്നേഹികളെയും തിരിച്ചറിയുക. നിങ്ങളുടെ പോരാട്ടത്തിൽ രാജ്യവും കോൺഗ്രസും നിങ്ങളോടൊപ്പമുണ്ട്. ഈ പദ്ധതി സൈന്യത്തെ നശിപ്പിക്കും” അവർ പറഞ്ഞു. ഹരിവംശ് റായ് ബച്ചന്റെ ഹിന്ദി കവിതയായ ‘അഗ്നിപഥ്’ ലെ വരികളും പ്രിയങ്ക പ്രസംഗത്തിൽ ഉദ്ധരിച്ചു. യുവാക്കളെ നശിപ്പിക്കുന്ന പദ്ധതിക്ക് കവിതയുടെ പേരാണ് നൽകിയതെന്നും പ്രിയങ്ക പറഞ്ഞു. സമാധാനപരമായി പ്രതിഷേധം തുടരാനും അവർ അഭ്യർത്ഥിച്ചു.