തൊഴിലാളികൾക്ക് ശമ്പളം നല്‍കാതെ മേലധികാരികള്‍ക്ക് ശമ്പളം കൊടുക്കണ്ടെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ശമ്പളം അടിയന്തരമായി നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇവർക്ക് ശമ്പളം നൽകാതെ സൂപ്പർവൈസറി തസ്തികയിലുള്ളവർക്ക് ശമ്പളം നൽകരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. ജീവനക്കാർക്ക് സമയബന്ധിതമായി ശമ്പളം നൽകണമെന്നും സ്ഥാപനത്തെ സ്വയംപര്യാപ്തമാക്കാൻ സർക്കാർ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കെ.എസ്.ആർ.ടി.സിക്ക് സർക്കാർ മുൻഗണന നൽകുന്നുണ്ടോയെന്നും ജീവനക്കാർക്ക് ശമ്പളം നൽകാതെ എത്രകാലം മുന്നോട്ട് പോകുമെന്നും കോടതി ചോദിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പെൻഷനും ശമ്പളവും നൽകാൻ വായ്പയെടുത്തതിനെയും കോടതി വിമർശിച്ചു. വായ്പ എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു. പൊതുജനങ്ങൾക്ക് വേണ്ടിയാണ് താൻ വിഷയത്തിൽ ഇടപെടുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.