നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യസുരക്ഷയെ ബാധിക്കും: സുപ്രീം കോടതി

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനം ഗൗരവമേറിയ വിഷയമാണെന്നും രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്നും സുപ്രീം കോടതിയുടെ നിരീക്ഷണം. മതം മാറാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നു. എന്നാൽ നിർബന്ധിത മതപരിവർത്തനം നടത്താനുള്ള അവകാശം ആർക്കും നൽകുന്നില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിർബന്ധിത മതപരിവർത്തനം തടയാൻ സ്വീകരിച്ച നടപടികൾ നവംബർ 22നകം അറിയിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തിന് നിർദേശം നൽകി.

ജസ്റ്റിസ് എം.ആർ. ഷാ അദ്ധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിനോട് സത്യവാങ്മൂലം ഫയൽ ചെയ്യാൻ നിർദേശം നൽകി. ഭീഷണികളും പ്രലോഭനങ്ങളും കൊണ്ടുള്ള മതപരിവർത്തനം തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്രം കോടതിയെ അറിയിക്കണം. കേന്ദ്രത്തിന്‍റെ സത്യവാങ്മൂലം നവംബർ 28ന് സുപ്രീം കോടതി പരിഗണിക്കും.

നിർബന്ധിത മതപരിവർത്തനം തടയാൻ മധ്യപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് സംസ്ഥാന നിയമമുണ്ടെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ആദിവാസി മേഖലകളിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നുണ്ടെന്നും തുഷാർ മേത്ത സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമായി വിധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ അശ്വനി ഉപാധ്യായയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.