മതം മാറാൻ നിർബന്ധിച്ചു; യു.പിയിൽ 9 പേർക്കെതിരെ കേസ്
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ ക്രിസ്തു മതം സ്വീകരിക്കാൻ ആളുകളെ നിർബന്ധിച്ച സംഭവത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 9 പേർക്കെതിരെ കേസെടുത്തു. കോവിഡ് ലോക്ക്ഡൗൺ സമയത്ത് നൽകിയ സഹായത്തിന് പകരമായി, പ്രതികൾ പ്രദേശവാസികളിൽ ചിലരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുകയും, പൊലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് എഫ്ഐആറിൽ പറയുന്നു.
മതപരിവർത്തനം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കാൻ ബ്രഹ്മപുരി പോലീസ് സ്റ്റേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സീനിയർ പോലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്വാൻ സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഉത്തർപ്രദേശ് മതപരിവർത്തനം തടയൽ നിയമത്തിലെ 3, 5(1) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശിവ, ബിൻവ, അനിൽ, സർദാർ, നിക്കു, ബസന്ത്, പ്രേമ, തിത്ലി, റീന എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ലോക്ക്ഡൗൺ സമയത്ത് പ്രദേശത്ത് താമസിക്കുന്ന ദരിദ്രർക്ക് ഭക്ഷണവും സാമ്പത്തിക സഹായവും നൽകിയ ശേഷം പ്രതികൾ ക്രിസ്ത്യൻ മതം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്ന് പരാതിക്കാർ പറയുന്നു. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ പ്രതികൾ വീടുകളിൽ നിന്ന് എറിഞ്ഞിട്ടുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു. നൂറിലധികം പേർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക ബിജെപി നേതാവ് ദീപക് ശർമ ആരോപിച്ചു