കുറ്റമേറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു, യുവാവിന് ക്രൂരമര്‍ദനം; പൊലീസിനെതിരേ പരാതി

സുല്‍ത്താന്‍ ബത്തേരി: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. മണിച്ചിറ അമ്പലക്കുന്ന് കോളനിയിൽ ഗിരീഷ് (46) ആണ് ബത്തേരി പൊലീസിനെതിരെ പരാതി നൽകിയത്. നിലവിൽ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇയാൾ.

കഴിഞ്ഞ ഓഗസ്റ്റ് 23ന് അയൽവാസിയുടെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് ഗിരീഷിനെ നേരത്തെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എന്നാൽ പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം ശനിയാഴ്ച രാവിലെ 10 മണിയോടെ വീണ്ടും ബത്തേരി സ്റ്റേഷനിലെത്തിയ തന്നെ ക്രൂരമായി മർദ്ദിച്ചെന്നാണ് ഗിരീഷിന്‍റെ പരാതി. സ്റ്റേഷനിലെത്തിയപ്പോൾ മോഷണം നടത്തിയെന്ന കുറ്റസമ്മതത്തിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. എന്നാൽ വിസമ്മതിച്ചപ്പോൾ എസ്.ഐയും മറ്റ് രണ്ട് പോലീസുകാരും ചേർന്ന് തന്നെ മുകളിലത്തെ നിലയിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് ഗിരീഷ് പറഞ്ഞു.

പണം നഷ്ടപ്പെട്ട കുടുംബാംഗങ്ങൾ മോഷണം നടത്തിയത് താനല്ലെന്ന് പറഞ്ഞിട്ടും പൊലീസ് മർദ്ദനം തുടരുകയായിരുന്നെന്ന് ഗിരീഷ് ആരോപിച്ചു. പൊലീസ് സ്റ്റേഷനിൽ നിന്ന് വിട്ടയച്ച ശേഷം വൈകുന്നേരം വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഛർദ്ദിക്കുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് ബത്തേരി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇവിടത്തെ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.

മാനസിക വെല്ലുവിളി നേരിടുന്ന മകൻ വീട്ടിൽ തനിച്ചായതിനാൽ ഡിസ്ചാർജ് ചെയ്ത് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് ക്രൂരതയെ തുടർന്നുണ്ടായ പരിക്കുകൾ കാരണം ശാരീരികമായും മാനസികമായും തളർന്നുപോയതായി ഗിരീഷ് പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.