വിദേശ വ്യാപാര നയം; മാറ്റം അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍

നിലവിലെ വിദേശ വ്യാപാര നയത്തിന്‍റെ (എഫ്ടിഎ) സാധുത നീട്ടി സർക്കാർ. കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. നിലവിലെ നയം 2023 മാർച്ച് 31 വരെ തുടരും. ഒക്ടോബറിൽ പുതിയ നയം പ്രഖ്യാപിക്കുമെന്ന് വാണിജ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള നയം തുടരാൻ തീരുമാനിച്ചതിനാൽ അടുത്ത സാമ്പത്തിക വർഷവും പുതിയ നയം അവതരിപ്പിക്കും.

2015-20 കാലയളവിൽ അവതരിപ്പിച്ച നയം കൊവിഡിന്‍റെ പശ്ചാത്തലത്തിൽ നേരത്തെ മൂന്ന് തവണ നീട്ടിയിരുന്നു. ആഗോള സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളും രൂപയുടെ മൂല്യത്തകർച്ചയും കണക്കിലെടുത്താണ് നയം തുടരുന്നത്. രാജ്യത്തെ കയറ്റുമതി പ്രമോഷൻ കൗൺസിലുകളുടെയും വ്യാവസായിക സംഘടനകളുടെയും കാഴ്ചപ്പാടുകൾ കണക്കിലെടുത്താണ് നയം നീട്ടിയതെന്ന് വാണിജ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി അമിത് യാദവ് പറഞ്ഞു.

സെപ്റ്റംബർ 14 ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട താൽക്കാലിക ഡാറ്റ അനുസരിച്ച്, രാജ്യത്തിന്‍റെ കയറ്റുമതി വളർച്ച മന്ദഗതിയിലായി. ഓഗസ്റ്റിൽ കയറ്റുമതി 33.92 ബില്യൺ ഡോളറായിരുന്നു. മുൻ വർഷത്തേക്കാൾ 1.62 ശതമാനം വളർച്ചയാണിത്. 2022 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ 35 ശതമാനം ഇടിവുണ്ടായി.