മുൻ ചൈനീസ് നേതാവ് ജിയാങ് സെമിൻ അന്തരിച്ചു
ചൈന: മുൻ ചൈനീസ് നേതാവ് ജിയാങ് സെമിൻ അന്തരിച്ചു. ടിയാനൻമെൻ സ്ക്വയർ പ്രതിഷേധത്തെ തുടർന്നാണ് ജിയാങ് സെമിൻ ചൈനയിൽ അധികാരത്തിലേറിയത്. അദ്ദേഹത്തിന് 96 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് ജിയാങ് സെമിൻ അന്തരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൈന ദ്രുതഗതിയിലുള്ള വളർച്ചയുടെ പാതയിലായിരുന്ന സമയത്ത്, ജിയാങ് സെമിൻ ആയിരുന്നു ചൈനയുടെ തലപ്പത്ത്. സീറോ-കോവിഡ്-19 നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ചൈനയിലെ ജനങ്ങൾ തെരുവിലിറങ്ങുന്നതിനിടെയാണ് ജിയാങ് സെമിന്‍റെ മരണം. 1989 ലെ കലാപത്തിന് ശേഷമാണ് ജിയാങ് സെമിൻ ചൈനയിൽ അധികാരത്തിൽ വന്നത്. പാർട്ടിയിലെ യാഥാസ്ഥിതികരും പരിഷ്കർത്താക്കളും തമ്മിലുള്ള പോരാട്ടത്തിന് ശേഷമായിരുന്നു ഇത്.
ഇരുവിഭാഗങ്ങളെയും ഒന്നിപ്പിക്കുന്നതിനായി ഒത്തുതീർപ്പ് ശ്രമത്തിന്‍റെ ഭാഗമായാണ് ജിയാങ് സെമിന്‍ അധികാരത്തിലെത്തിയത്. സെമിൻ അധികാരത്തിലിരിക്കെയാണ് കമ്യൂണിസ്റ്റുകാർ അധികാരത്തിൻമേലുള്ള പിടി മുറുക്കുകയും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുകയും ചെയ്തത്. ഇതോടെ ചൈന ലോകശക്തികളിൽ ഒന്നായി മാറി. 1997 ൽ ഹോങ്കോങ്ങിന്‍റെ സമാധാനപരമായ കൈമാറ്റത്തിൽ സെമിൻ ഒരു പ്രധാന പങ്ക് വഹിച്ചു. ലോകവ്യാപാര സംഘടനയിലേക്കുള്ള ചൈനയുടെ പ്രവേശനത്തിനും സെമിൻ സംഭാവന നൽകി.