ഷാജഹാൻ വധക്കേസിൽ നാല് പേർ കൂടി അറസ്റ്റിൽ

പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായ ഷാജഹാന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊട്ടേക്കാട് സ്വദേശികളായ നാല് പേർ കൂടി അറസ്റ്റിലായി. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്.

മുഖ്യപ്രതികളടക്കം നാലുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഷാജഹാനോടുള്ള പ്രതികളുടെ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞിരുന്നു. രാഖി കെട്ടിയതുമായി ബന്ധപ്പെട്ടും ഗണേശോത്സവത്തിന്റെ ഫ്ലെക്സ് ബോർഡ് വച്ചതുമായി ബന്ധപ്പെട്ടും പ്രതികൾ തമ്മിൽ അടുത്തിടെ തർക്കമുണ്ടായിരുന്നു. 14ന് ഒന്നാം പ്രതി നവീനുമായി വാക്കുതർക്കമുണ്ടായെന്നും അന്നു രാത്രിയാണ് നവീൻ കൊല്ലപ്പെട്ടതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഷാജഹാൻ 2019ൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായതിന് ശേഷം നടത്തിയ പ്രവർത്തനങ്ങളോട് പ്രതികൾക്ക് അതൃപ്തിയും വ്യക്തി വൈരാഗ്യവും ഉണ്ടായിരുന്നു. ഇവർ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഒന്നാം പ്രതി നവീനെ പൊള്ളാച്ചിയിൽ നിന്നും മറ്റ് മൂന്ന് പ്രതികളെ മലമ്പുഴ കവ വനമേഖലയ്ക്ക് സമീപം കോഴിമലയിലെ കുന്നിൻ മുകളിൽ നിന്നും അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച മൂന്ന് വാളുകൾ തെളിവെടുപ്പിനിടെ കോരയാർപ്പുഴയുടെ തീരത്തുള്ള വയലിന് സമീപം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. രാഷ്ട്രീയ വൈരാഗ്യം മൂലമാണ് ഷാജഹാനെ എട്ട് ബി.ജെ.പി അനുഭാവികൾ വെട്ടിക്കൊലപ്പെടുത്തിയതെന്ന് എഫ്.ഐ.ആറിൽ പറയുന്നുണ്ടെങ്കിലും അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.