ഫ്രാന്‍സും യുഎഇയും നിർണായക ഊ‍ർജ്ജ കരാറില്‍ ഒപ്പുവച്ചു

ഊർജ്ജ സഹകരണ കരാർ ഉൾപ്പെടെ 10 സുപ്രധാന കരാറുകളിൽ ഫ്രാൻസും യു.എ.ഇയും ഒപ്പുവെച്ചു. ഉക്രൈനിലെ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ഇന്ധന വിതരണം വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാൻ യൂറോപ്പ് തയ്യാറെടുക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്‍റെയും വിതരണം ഈ കരാർ ഉറപ്പാക്കും. യു.എ.ഇ പ്രസിഡന്‍റിന് ഫ്രാൻസിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിച്ചു.

എല്ലാത്തരം ഊർജ്ജ സഹകരണവും ഈ കരാർ ലക്ഷ്യമിടുന്നുണ്ടെന്നും ഊർജ്ജ സുരക്ഷയെ പിന്തുണയ്ക്കാൻ യു.എ.ഇ പ്രതിജ്ഞാബദ്ധമാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. യു.എ.ഇയുമായുള്ള കരാർ ഊർജ സുരക്ഷയുടെ വെല്ലുവിളികളെ നേരിടാൻ സഹായിക്കുമെന്ന് ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മേയർ പ്രസ്താവനയിൽ പറഞ്ഞു.

ഷെയ്ഖ് മുഹമ്മദ് പ്രസിഡന്‍റായ ശേഷം നടത്തുന്ന ആദ്യ വിദേശയാത്രയാണിത്. ഫ്രാൻസിലെ സൈനിക മ്യൂസിയമായ ലെസ്സെൻ വലീദ് സന്ദർശിക്കുകയും സൈന്യത്തിന്‍റെ ഗാർഡ് ഓണർ സ്വീകരിക്കുകയും ചെയ്തു. പ്രസിഡന്‍റ്, നെപ്പോളിയന്‍റെ ശവകുടീരവും സന്ദർശിച്ചു.