ഹൃദ്യം പദ്ധതിയിലൂടെ 5000-ലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

തിരുവനന്തപുരം: സംസ്ഥാനത്ത് ശിശുമരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെ 5041 കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഈ വർഷം ഇതുവരെ 1002 കുഞ്ഞുങ്ങളാണ് ഹൃദയശസ്ത്രക്രിയക്ക് വിധേയരായത്. ഇതിൽ ഒരു വയസ്സിന് താഴെയുള്ള 479 കുട്ടികൾക്ക് ശസ്ത്രക്രിയ നടത്തി.

കൂടുതൽ കുട്ടികളെ സഹായിക്കാൻ ഹൃദ്യം പദ്ധതി വിപുലീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം സർക്കാർ, സ്വകാര്യ ആശുപത്രികൾ വഴി സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തി കുട്ടികളെ രക്ഷിക്കാൻ കഴിയും. ഹൃദ്രോഗത്തിന്‍റെ തീവ്രത അനുസരിച്ച് കാലതാമസം കൂടാതെ വിദഗ്ധ ചികിത്സ നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഹൃദ്യത്തിലൂടെ ഹൃദ്രോഗത്തിന് ചികിത്സ തേടിയ കുട്ടികൾക്ക് തുടർചികിത്സയും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. അത്തരം കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയെയും വികാസത്തെയും പിന്തുണയ്ക്കുന്നതിന് തുടർപിന്തുണാ പദ്ധതി ആരംഭിച്ചിട്ടുണ്ട്.

ഈ കുട്ടികൾക്ക് സാധാരണ കുട്ടികളെക്കാൾ കൂടുതൽ പിന്തുണ ആവശ്യമാണ്. ഇതിന്‍റെ ഭാഗമായി ആർബിഎസ്കെ നഴ്സുമാരെ ഉൾപ്പെടുത്തി ജില്ലാ കേന്ദ്രങ്ങളുടെ സഹായത്തോടെ സമൂഹത്തിൽ ഇടപെട്ട് കുട്ടികളുടെ വളർച്ചയും പുരോഗതിയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതുവരെ 98 കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കുകയും പ്രശ്നമുണ്ടെന്ന് കണ്ടെത്തിയവർക്ക് ജില്ലാ ഏർലി ഇന്റര്‍വെന്‍ഷന്‍ സെന്‍ററുകൾ വഴി തുടർചികിത്സ ഉറപ്പാക്കുകയും ചെയ്തു. അടുത്ത 50 പേരുടെ പരിശോധന ഉടൻ ആരംഭിക്കും.