യുഎഇ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ ഇന്ത്യക്കാര്‍ക്ക് സൗജന്യമായി പുതിയ പാസ്‍പോര്‍ട്ട്

ഫുജൈറ: യു.എ.ഇ. പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ട പ്രവാസികളിൽ നിന്ന് പുതിയ പാസ്പോർട്ടിന് ഫീസ് ഈടാക്കുന്നില്ല. പ്രളയബാധിതർക്കായി കോൺസുലേറ്റ് പ്രത്യേക പാസ്പോർട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രളയത്തിൽ വിലപ്പെട്ട രേഖകൾ ഉൾപ്പെടെ വൻ നഷ്ടം നേരിട്ട പ്രവാസികൾക്ക് ആശ്വാസമേകുന്നതാണ് കോൺസുലേറ്റിന്‍റെ നീക്കം.

പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ചെയ്ത 80 ഓളം പ്രവാസികൾ ഇതുവരെ പാസ്പോർട്ട് സേവാ ക്യാമ്പിലേക്ക് അപേക്ഷ നൽകിയതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. അപേക്ഷ സ്വീകരിക്കാനും തുടർനടപടികൾ സ്വീകരിക്കാനും കോൺസുലേറ്റ് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അപേക്ഷ സമർപ്പിച്ച പ്രവാസികൾ പറഞ്ഞു. 

‘കുടുംബാംഗങ്ങൾ ഉൾപ്പെടെ പാസ്പോർട്ട് നഷ്ടപ്പെട്ടവർ രേഖകൾ സഹിതം പാസ്പോർട്ട് സേവാ ക്യാമ്പിൽ അപേക്ഷ നൽകി. എല്ലാവരുടെയും ഫീസ് ഒഴിവാക്കി രണ്ട് മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കി’. ഫീസ് ഒഴിവാക്കിയതു വഴി വലിയ സാമ്പത്തിക ബാധ്യത ഒഴിവായെന്നും പ്രളയത്തില്‍ ദുരിതം അനുഭവിച്ച പ്രവാസികളിലൊരാള്‍ പറഞ്ഞു.