ഫ്രഞ്ച് സീരിയൽ കില്ലർ ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി

കാഠ്മണ്ഡു: 1970 കളിൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഭീതി വിതച്ച ഫ്രഞ്ച് കൊലയാളി ചാൾസ് ശോഭരാജ് (78) നേപ്പാൾ ജയിലിൽ നിന്ന് മോചിതനായി. ചാൾസിനെ മോചിപ്പിക്കാൻ നേപ്പാൾ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു.

ജയിലിൽ നിന്ന് നേപ്പാൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്‍റിലേക്ക് ഇയാളെ കൊണ്ടുപോയി. ഹൃദയസംബന്ധമായ അസുഖമുള്ളതിനാൽ ആശുപത്രിയിലേക്ക് മാറ്റുമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു. അതേസമയം, സുരക്ഷാ കാരണങ്ങളാൽ അദ്ദേഹത്തെ ഇന്ന് തന്നെ ഫ്രാൻസിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചതായി ഭാര്യ നിഹിത ബിശ്വാസ് പറഞ്ഞു.

മോചിപ്പിച്ച് 15 ദിവസത്തിനുള്ളില്‍ നാടുകടത്തണമെന്നാണ് നേപ്പാള്‍ സുപ്രീംകോടതിയുടെ നിർദ്ദേശം. 19 വർഷമായി ജയിലിൽ കഴിയുന്ന ശോഭരാജിൻ്റെ പ്രായം കണക്കിലെടുത്താണ് മോചിതനാക്കിയത്. 21 വർഷത്തേക്കായിരുന്നു തടവിന് ശിക്ഷിക്കപ്പെട്ടത്. 1975 ൽ രണ്ട് യു.എസ്. വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിൽ 2003 മുതൽ കാഠ്മണ്ഡു സെൻട്രൽ ജയിലിലാണ്.