ഓഗസ്റ്റ് 5 മുതൽ 15 വരെ രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും സൗജന്യമായി സന്ദർശിക്കാം

ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്ര സർക്കാരിന് കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങൾക്ക് സൗജന്യമായി സന്ദർശിക്കാം. സ്വാതന്ത്ര്യദിനത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് തീരുമാനം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ (എഎസ്ഐ) ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി തന്‍റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഓഗസ്റ്റ് 2 മുതൽ 15 വരെ രാജ്യത്തെ പൗരൻമാർ ‘ത്രിവർണ്ണ പതാക’ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പറഞ്ഞിരുന്നു. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ലായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഓഗസ്റ്റ് 13 മുതൽ 15 വരെ നടക്കുന്ന ‘ഹർ ഘർ തിരംഗ’ കാമ്പയിനിൽ പങ്കെടുക്കാനും സ്വന്തം വീടുകളിൽ ദേശീയ പതാക ഉയർത്താനും മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു.

“ദേശീയ പതാക രൂപകൽപന ചെയ്ത പിംഗ്ലി വെങ്കയ്യയുടെ ജന്മദിനമാണ് ഓഗസ്റ്റ് 2. ആഗസ്റ്റ് 2 നും 15 നും ഇടയിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ‘ത്രിവർണ്ണ പതാക’ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കണമെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വർഷം പൂർത്തിയാക്കുന്ന ഇന്ത്യ മഹത്തായതും ചരിത്രപരവുമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണ്” : മൻ കി ബാത്തിന്റെ 91-ാമത് പതിപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.