കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സുതാര്യതയില്‍ ആശങ്കയെന്ന് നേതാക്കള്‍

ന്യൂഡൽഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയിലും നീതിയിലും ആശങ്ക പ്രകടിപ്പിച്ച് പാർട്ടിയുടെ അഞ്ച് ലോക്സഭാ എംപിമാർ സംയുക്തമായി കോണ്‍ഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിക്ക് കത്തയച്ചു. ഇലക്ടറൽ കോളേജ് ഉൾപ്പെടുന്ന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിനിധികളുടെ പട്ടിക തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘ഭാരത് ജോഡോ യാത്ര’ റോഡ് പ്രചാരണത്തിന് നേതൃത്വം നൽകുന്നതിനിടെയാണ് കത്ത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധ്യതയില്ലെന്ന് രാഹുൽ ഗാന്ധി വെള്ളിയാഴ്ച നാഗർകോവിലിൽ സൂചിപ്പിച്ചിരുന്നു.

ലോക്സഭാ എംപിമാരായ ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, പ്രദ്യുത് ബോർഡോയ്, അബ്ദുൾ ഖാലിഖ് എന്നിവരാണ് മിസ്ത്രിക്ക് കത്തയച്ചത്. “കോൺഗ്രസിന്‍റെ പാർലമെന്‍റ് അംഗങ്ങൾ എന്ന നിലയിൽ, താഴെ ഒപ്പിട്ട അഞ്ച് പേരും പാർട്ടിയുടെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെയും നീതിയെയും കുറിച്ച് ആശങ്കാകുലരാണ്,” കത്തിൽ പറയുന്നു.