ജി 7 ഉച്ചകോടിക്ക് ഇന്ന് ജർമ്മനിയിൽ തുടക്കം; പ്രധാനമന്ത്രി പങ്കെടുക്കും
ജർമനി : ജി 7 ഉച്ചകോടിക്ക് ഇന്ന് ജർമ്മനിയിൽ തുടക്കമാകും. ഇന്ന് ആരംഭിക്കുന്ന ഉച്ചകോടി നാളെ സമാപിക്കും. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഉച്ചകോടിയോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മോദി ആശയവിനിമയം നടത്തും. യൂറോപ്പിലെ ഇന്ത്യക്കാരെയും അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഉച്ചകോടിയുടെ ഭാഗമായി തിങ്കളാഴ്ച വരെ ജർമ്മനി സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി, ഊർജ്ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾക്കൊള്ളുന്ന രണ്ട് സെഷനുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും.
ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ജൂൺ 28ന് പ്രധാനമന്ത്രി ജർമ്മനിയിൽ നിന്ന് യു.എ.ഇയിലെത്തും. നൂപുർ ശർമയുടെ നബി വിരുദ്ധ പ്രസ്താവനയ്ക്കെതിരെ യു.എ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യു.എ.ഇയിലേക്ക് പോകുന്നതെന്നതും ശ്രദ്ധേയമാണ്.