രാഹുലിന്റെ ഓഫിസിൽ മടങ്ങിയെത്തി ആ ഗാന്ധിചിത്രം

കല്‍പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് ഓഫിസില്‍ ഒടുവില്‍ ആ ഗാന്ധിചിത്രം തിരികെയെത്തി. ഓഫീസ് ജീവനക്കാർ മഹാത്മാഗാന്ധിയുടെ ഛായാചിത്രം പുനഃസ്ഥാപിച്ചത് അടുത്തിടെയാണ്. ജൂൺ 24ന് കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിനിടെ മഹാത്മാഗാന്ധിയുടെ ചിത്രം തകർത്തതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേഫോട്ടോയാണ് പുതിയ ചില്ല് ഒട്ടിച്ച്, മറ്റൊരു ഫ്രെയിമിൽ ഇപ്പോള്‍ പുന:സ്ഥാപിച്ചിരിക്കുന്നത്.

സന്ദർശനത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസിലെ എം.പിയുടെ കസേരയിൽ സ്ഥാപിച്ച വാഴ രാഹുൽ ഗാന്ധി നീക്കം ചെയ്തിരുന്നു. രാഹുൽ തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ കോണ്‍ഗ്രസ് പ്രവർത്തകർ ഫോട്ടോ ശരിയാക്കി ഭിത്തിയിൽ വച്ചു. എസ്.എഫ്.ഐ പ്രവർത്തകർ കസേരയിൽ ചാരിവച്ച രാഹുൽ ഗാന്ധി എം.പിയുടെ ചിത്രവും തിരികെ വച്ചിട്ടുണ്ട്.

ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി മൗനം പാലിക്കുന്നുവെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ, എം.പിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനത്തിന് തൊട്ടുപുറത്ത് നടന്ന മാർച്ച് പൊടുന്നനെ അക്രമാസക്തമായി. ഓഫീസിന് വേണ്ടത്ര പോലീസ് സംരക്ഷണം ഉണ്ടായിരുന്നില്ല. ഷട്ടർ തകർത്ത് എംപിയുടെ ഓഫീസിലെത്തിയ എസ്എഫ്ഐ പ്രവർത്തകർ എംപിയുടെ സീറ്റിൽ വാഴ വയ്ക്കുകയും ഓഫീസ് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു. പിന്നീടാണ് ഗാന്ധിചിത്രം തകര്‍ത്തതിന്റെ ഫോട്ടോ കോണ്‍ഗ്രസുകാര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാക്കുകയും അതുവഴി വലിയ രാഷ്ട്രീയവിവാദത്തിനു തിരികൊളുത്തുകയും ചെയ്തത്.