സവര്‍ക്കര്‍ പ്രത്യേക പതിപ്പുമായെത്തിയ ഗാന്ധിസ്മൃതി ദര്‍ശന്റെ മാസിക വിവാദത്തിൽ

ന്യൂഡല്‍ഹി: ഹിന്ദുത്വ സൈദ്ധാന്തികൻ വി.ഡി.സവർക്കറെക്കുറിച്ച് ഗാന്ധിസ്മൃതി ദർശന സമിതിയുടെ മാഗസിൻ പ്രത്യേക പതിപ്പ് പ്രസിദ്ധീകരിച്ചു. ഹിന്ദി മാസികയായ ‘അന്തിം ജൻ’ ജൂൺ ലക്കം സവർക്കറുടെ മുഖചിത്രത്തോടെ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ ഗാന്ധിയൻമാരും പ്രതിപക്ഷവും അതിനെതിരെ രംഗത്തെത്തി.

ഗാന്ധിജിയുടെ പേരിലുള്ള സമിതി, അവസാനം വരെ അദ്ദേഹം എതിർത്ത ആശയത്തെ മഹത്വവത്കരിച്ചത് വിമർശനത്തിനിടയാക്കി.

‘മഹാനായ ദേശഭക്ത് വീർ സവർക്കർ’ എന്ന തലക്കെട്ടിൽ സമിതിയുടെ വൈസ് ചെയർമാൻ വിജയ് ഗോയൽ ആമുഖക്കുറിപ്പ് എഴുതിയിട്ടുണ്ട്. സവർക്കറുടെ ‘ഹിന്ദുത്വ’ എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗം അതേ പേരിൽ ഉൾപ്പെടുത്തിയിരുന്നു. ‘വീർ സവർക്കറും മഹാത്മാ ഗാന്ധിയും’, ‘വീർ സവർക്കറുടെ മൂല്യബോധം’ എന്നിവയുൾപ്പെടെ 10 ലേഖനങ്ങളാണ് പതിപ്പിലുള്ളത്. മാഗസിന്‍റെ എഡിറ്റർ പ്രവീൺ ദത്ത് ശർമ്മയുടെ ‘ഗാന്ധി കാ ഗുസ്സ’ (ഗാന്ധിജിയുടെ കോപം) എന്ന തലക്കെട്ടിൽ ഒരു ലേഖനവും ഉണ്ട്. അവസാനം കവർ പേജിൽ സവർക്കറുടെ ‘ഹിന്ദുത്വ’ ഉൾപ്പെടെയുള്ള പുസ്തകങ്ങളുടെ പരസ്യവുമുണ്ട്.