ഗണേശ ചതുർഥി ആഘോഷം ഈദ്ഗാഹ് മൈതാനത്ത് നടത്താം; കർണാടക ഹൈക്കോടതി

ബെംഗളൂരു: ഹുബ്ബള്ളിയിലെ ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടത്താമെന്ന് കർണാടക ഹൈക്കോടതി വിധിച്ചു. മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ തൽക്കാലം നിരോധിച്ച് സുപ്രീം കോടതി ഇന്നലെ അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിർദേശിച്ചു.

ഇതേതുടർന്ന് ഇന്നലെ രാത്രി വൈകി കേസ് പരിഗണിച്ച ഹൈക്കോടതി ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുർത്ഥി ആഘോഷങ്ങൾ നടത്താൻ അനുമതി നൽകി. ഹുബ്ബള്ളി മൈതാനം കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ്. അതിനാൽ കോർപ്പറേഷന് ഉചിതമായ തീരുമാനമെടുക്കാൻ കഴിയും. മുസ്‌ലിംകൾക്ക് അവരുടെ വിശേഷ ദിവസങ്ങളിൽ മുടക്കമില്ലാതെ ഇവിടെ പ്രാർഥന നടത്താൻ സാധിക്കുമെന്നും ജസ്റ്റിസ് അശോക് കെ. കിനാഗി പറഞ്ഞു.

ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്ക് അനുമതി നൽകിയതിനെതിരെ കർണാടക വഖഫ് ബോർഡ് സമർപ്പിച്ച ഹർജി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് ആദ്യം പരിഗണിക്കുകയായിരുന്നുവെങ്കിലും ജഡ്ജിമാർക്ക് സമവായത്തിലെത്താൻ കഴിയാത്തതിനാൽ അടിയന്തര ഹിയറിംഗിനായി മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു. ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ഈദ്ഗാഹ് മൈതാനത്ത് പന്തലുകൾ സ്ഥാപിക്കാൻ അനുവദിക്കണമെന്ന കർണാടക സർക്കാരിന്റെ ഹർജി കർണാടക ഹൈക്കോടതി അംഗീകരിച്ചിരുന്നു.