മൊബൈല്‍ ടവര്‍ മൊത്തമായി മോഷ്ടിച്ച് കവര്‍ച്ചാസംഘം; അഴിച്ചുകൊണ്ടുപോയത് ഉടമയെ കബളിപ്പിച്ച്
പട്ന: ബിഹാറിലെ പട്നയ്ക്കടുത്തുള്ള യാർപൂർ രജപുത്താനിയിലുള്ള മൊബൈൽ ടവർ കുറച്ച് കാലമായി പ്രവർത്തിക്കുന്നില്ല. പരാതികൾ ലഭിച്ചതോടെ മൊബൈൽ കമ്പനി അധികൃതർ സ്ഥലത്തെത്തി. അവിടെയെത്തിയപ്പോൾ അവർ ഞെട്ടിപ്പോയി! അവരുടെ മൊബൈൽ ടവർ അവിടെ ഉണ്ടായിരുന്നില്ല.
സ്ഥലമുടമയോട് അന്വേഷിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കഥ അറിഞ്ഞത്. രണ്ടാഴ്ച മുമ്പ് മൊബൈൽ ടവർ ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയ രണ്ടോ മൂന്നോ പേർ സ്ഥലത്തെത്തി. അവർ ഭൂവുടമയെ കണ്ട് മൊബൈൽ ടവറിനായുള്ള കരാർ അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. അടുത്ത ദിവസം തന്നെ, അവരുടെ ജീവനക്കാർ വന്ന് ടവർ അഴിച്ചു കൊണ്ടുപോവുമെന്നും പറഞ്ഞു.
അത് അതുപോലെ തന്നെ സംഭവിച്ചു. പത്തിരുപത്തഞ്ച് പേർ അടുത്ത ദിവസം സ്ഥലത്തെത്തി. അവരുടെ കയ്യിൽ ആവശ്യത്തിനുള്ള ഉപകരണങ്ങളും ഉണ്ടായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ അവർ മൊബൈൽ ടവർ ഭാഗങ്ങൾ ഓരോന്നായി അഴിച്ചു മാറ്റി. അതിനുശേഷം, ആ സാധനങ്ങളെല്ലാം ഒരു ട്രക്കിൽ കയറ്റി കൊണ്ടുപോയി. കമ്പനി ഉദ്യോഗസ്ഥരാണെന്ന് കരുതി മറ്റാരോടും ഇക്കാര്യം പറഞ്ഞില്ലെന്നും ഉടമ പറഞ്ഞു.