പോളിയോ നിർമാർജനത്തിനായി 1.2 ബില്ല്യൺ ഡോളർ വാഗ്ദാനം ചെയ്ത് ഗേറ്റ്സ് ഫൗണ്ടേഷൻ

ബെർലിൻ: ലോകമെമ്പാടുമുള്ള പോളിയോ നിർമാർജന ശ്രമങ്ങൾക്കായി 1.2 ബില്യൺ യുഎസ് ഡോളർ വാഗ്ദാനം ചെയ്യുമെന്ന് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ. 2026 ഓടെ ആഗോള പോളിയോ നിർമാർജനം എന്ന ലക്ഷ്യം നടപ്പാക്കുന്നതിനായി ഈ പണം ഉപയോഗിക്കും. അടുത്തിടെ പോളിയോ പൊട്ടിപ്പുറപ്പെട്ട പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പോളിയോ വൈറസ് ബാധയെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഈ സംരംഭമെന്ന് ഫൗണ്ടേഷൻ ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

വൈറസിന്‍റെ പുതിയ വകഭേദങ്ങളുടെ വ്യാപനം തടയുന്നതിനും ഈ പണം ഉപയോഗിക്കും. ഞായറാഴ്ച ബെർലിനിൽ നടന്ന ലോകാരോഗ്യ ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം. പോളിയോ നിർമാർജന സംരംഭത്തിനായി ഏകദേശം 5 ബില്യൺ ഡോളർ സംഭാവന ചെയ്തതായി ഫൗണ്ടേഷൻ വെബ്സൈറ്റിൽ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ഈ സംരംഭം പോളിയോ പ്രചാരണങ്ങളെ വിശാലമായ ആരോഗ്യ സേവനങ്ങളിലേക്ക് സംയോജിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം നോവൽ ഓറൽ പോളിയോ വാക്സിൻ ടൈപ്പ് 2 ന്റെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ദേശീയ ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും അതിനാൽ ഭാവിയിലെ ആരോഗ്യ ഭീഷണികളെ നേരിടാൻ രാജ്യങ്ങൾ മികച്ച രീതിയിൽ സജ്ജമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.