നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരുങ്ങി ഗഹ്‌ലോതും തരൂരും

കോഴിക്കോട്: കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന അശോക് ഗെഹ്ലോട്ടും ശശി തരൂരും വരും ദിവസങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാജസ്ഥാൻ മുഖ്യമന്ത്രി ഗെഹ്ലോട്ട് സെപ്റ്റംബർ 27 നും തരൂർ സെപ്റ്റംബർ 30 നും നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കും.

സെപ്റ്റംബർ 26 വരെ ശുഭ കാര്യങ്ങൾക്ക് നല്ലതല്ല എന്നതാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വൈകാനുള്ള പ്രധാന കാരണം.കോണ്‍ഗ്രസ്സ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രിക്ക് മുമ്പാകെയാണ് ഗെഹ്ലോട്ടും തരൂരും നാമനിർദേശ പത്രിക സമർപ്പിക്കുക. സെപ്റ്റംബർ 27 ചൊവ്വാഴ്ച ഗെഹ്ലോട്ടിന്‍റെ നാമനിർദേശ പത്രികാ സമർപ്പണത്തെ വലിയ പരിപാടിയാക്കാനാണ് കോണ്‍ഗ്രസ്സിന്‍റെ ഔദ്യോഗിക വിഭാഗത്തിന്‍റെ ആലോചന. രാജസ്ഥാനു പുറമെ ഛത്തീസ്ഗഡിലും നിലവിൽ കോണ്ഗ്രസിന് മുഖ്യമന്ത്രിയുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, മുതിർന്ന കോൺഗ്രസ് നേതാക്കളായ പി ചിദംബരം, ദിഗ്വിജയ് സിംഗ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടാകും.

അധ്യക്ഷ സ്ഥാനത്തേക്ക് ഔദ്യോഗിക സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഗാന്ധി കുടുംബത്തിന്‍റെ പിന്തുണ ഗെഹ്ലോട്ടിന് ഉണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. സെപ്റ്റംബർ 30ന് തരൂർ തന്‍റെ അടുത്ത സഹപ്രവർത്തകർക്കൊപ്പം നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് തരൂരിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.