ഗൗതം മേനോൻ ചിത്രം ‘വെന്തു തനിന്തതു കാട്’ നാളെ മുതല്‍ ഒടിടിയിൽ

സംവിധായകൻ ഗൗതം മേനോനും സിമ്പുവും ഒരുമിച്ച പുതിയ ചിത്രമായ ‘വെന്തു തനിന്തതു കാട്’ ഒക്ടോബർ 13 മുതൽ ഒടിടിയിൽ എത്തും. തീയേറ്ററുകളിൽ വിജയം നേടിയ ചിത്രം ആമസോൺ പ്രൈമിൽ ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിക്കും. ഗൗതം മേനോന്‍റെ സ്ഥിരം സിനിമകളിൽ നിന്ന് വ്യത്യസ്തമായ ഒരു ഗ്യാങ്സ്റ്റർ ഡ്രാമയാണ് വിടികെ. സിമ്പു ചിത്രത്തിൽ വ്യത്യസ്ത മേക്കോവറുകളിൽ പ്രത്യക്ഷപ്പെടുന്നു. എഴുത്തുകാരൻ ജയമോഹനുമായി സഹകരിച്ചാണ് ഗൗതം മേനോൻ ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

വേല്‍സ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിൽ ഡോ.ഇഷാരി കെ.ഗണേഷാണ് ചിത്രം നിർമ്മിക്കുന്നത്. സിദ്ധാർത്ഥ് നുനിയാണ് ഛായാഗ്രാഹകൻ. എ ആർ റഹ്മാനാണ് സംഗീതം ഒരുക്കിയത്. കലാസംവിധായകൻ രാജീവൻ, ഗാനരചയിതാവ് താമരൈ, എഡിറ്റർ ആന്‍റണി, കോസ്റ്റ്യൂം ഡിസൈനർ ഉത്തര മേനോൻ എന്നിവരും ടീമിലുണ്ട്. സിമ്പുവിനെ നായകനാക്കി ‘നദികളിലെ നീരാടും സൂര്യൻ’ എന്ന പേരിൽ ഒരു ചിത്രം ഗൗതം മേനോൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.