സച്ചിന്‍ പൈലറ്റിനെ തടയാന്‍ ശ്രമങ്ങള്‍; യോഗം ചേര്‍ന്ന് ഗെഹ്ലോട്ട് പക്ഷം
ജയ്പുര്‍: ഇന്ന് വൈകിട്ട് ഏഴ് മണിക്ക് കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷി യോഗത്തിന് മുന്നോടിയായി അശോക് ഗെഹ്ലോട്ടിന്‍റെ അനുയായികൾ രാജസ്ഥാനില്‍ യോഗം ചേർന്നു. 4 മന്ത്രിമാർ ഉൾപ്പെടെ ഒമ്പത് എംഎൽഎമാരാണ് യോഗത്തിൽ പങ്കെടുത്തത്. എം.എൽ.എയും ഗെഹ്ലോട്ടിന്‍റെ അടുത്ത അനുയായിയുമായ ശാന്തി ധരി വാളിന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാൽ പകരക്കാരനെ കണ്ടെത്താൻ കോണ്‍ഗ്രസ്സ് നിയമസഭാ കക്ഷി (സിഎൽപി) യോഗം ചേരുന്നുണ്ട്.
സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ടെങ്കിലും ഇത് തടയാനുള്ള ശ്രമങ്ങളാണ് ഗെഹ്ലോട്ട് ക്യാമ്പ് അവസാനമായി നടത്തുന്നത്. ഭൂരിപക്ഷം എം.എൽ.എ.മാരുടെയും പിന്തുണ തനിക്കുള്ളതിനാൽ സ്ഥാനമൊഴിയുകയാണെങ്കിൽ താൻ നിർദ്ദേശിക്കുന്ന വ്യക്തിയെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഗെഹ്ലോട്ടിന്‍റെ നിലപാട്. അജണ്ട പരസ്യമാക്കിയിട്ടില്ലെങ്കിലും ഇക്കാര്യം ചർച്ച ചെയ്യാൻ ഗെഹ്ലോട്ട് അനുകൂലികളുടെ യോഗം ചേരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
വൈകിട്ട് ഏഴ് മണിക്ക് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ സംസ്ഥാന ചുമതലയുള്ള അജയ് മാക്കനൊപ്പം രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ നിരീക്ഷകനായി കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു.