അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്ലോട്ട് മത്സരിക്കില്ല

ന്യൂഡല്‍ഹി: എ.ഐ.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിയിട്ടുണ്ട്. ദില്ലിയിൽ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗെഹ്ലോട്ട് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. ബുധനാഴ്ച രാത്രിയാണ് ഗെഹ്ലോട്ട് യോഗത്തിനായി ദില്ലിയിലെത്തിയത്.

രാജസ്ഥാനിലെ വിമത എം.എൽ.എമാരുടെ കലാപത്തിന്‍റെ ധാർമ്മിക ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു. രാജസ്ഥാൻ പ്രതിസന്ധി വിഷയത്തിൽ സോണിയ ഗാന്ധിയോട് ക്ഷമ ചോദിച്ചതായും അദ്ദേഹം പറഞ്ഞു. ഗെഹ്ലോട്ട് സോണിയാ ഗാന്ധിയുമായി ഒന്നര മണിക്കൂർ കൂടിക്കാഴ്ച നടത്തി.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്ലോട്ടിന്‍റെ പേര് ഉയർന്നുവന്നതാണ് രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തിന് കാരണമായത്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡ് നിർദ്ദേശത്തിനെതിരെ ഗെഹ്ലോട്ട് പക്ഷത്തെ എം.എൽ.എമാർ കലാപക്കൊടി ഉയർത്തി. ഗാന്ധി കുടുംബത്തിന്‍റെ വിശ്വസ്തനായിരുന്ന ഗെഹ്ലോട്ടിന്‍റെ നടപടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.