ലിംഗസമത്വ സത്യപ്രതിജ്ഞ പിൻവലിച്ചിട്ടില്ല: വാർത്തകൾ തള്ളി കുടുംബശ്രീ ഡയറക്ടർ

കോഴിക്കോട്: ലിംഗസമത്വ പ്രചരണ പരിപാടിയ്ക്ക് വേണ്ടി കുടുംബശ്രീ തയ്യാറാക്കിയ ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചെന്ന വാർത്ത കുടുംബശ്രീ ഡയറക്ടർ തള്ളി. ലിംഗസമത്വ പ്രതിജ്ഞ പിൻവലിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ നൽകിയ പ്രതിജ്ഞ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഡയറക്ടർ വ്യക്തമാക്കി. നേരത്തെ സമസ്ത അടക്കമുള്ള സംഘടനകൾ പ്രതിജ്ഞക്കെതിരെ രംഗത്തെത്തിയിരുന്നു.

കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന മിഷൻ (എൻആർഎൽഎം) 2022 നവംബർ 25 മുതൽ ഡിസംബർ 23 വരെ ലിംഗാധിഷ്ഠിത അക്രമത്തിനെതിരെയും ലിംഗനീതിയും ഉറപ്പാക്കുന്നതിനായും രാജ്യത്തുടനീളം ‘നയി ചേതന ‘ എന്ന പേരിൽ വിവിധ പരിപാടികൾ നടത്തിവരികയാണ്. 

കേരളത്തിൽ കുടുംബശ്രീയാണ് ഈ പരിപാടിയുടെ നോഡൽ ഏജൻസി. നയി ചേതന ക്യാമ്പയിൻ്റെ ഭാഗമായി തയ്യാറാക്കിയ പ്രതിജ്ഞ പിൻവലിച്ചു എന്ന രീതിയിൽ വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കുടുംബശ്രീ പ്രതിജ്ഞ പിൻവലിച്ചിട്ടില്ല എന്നറിയിക്കുന്നുവെന്ന് കുടുംബശ്രീ ഡയറക്ടറുടെ വിശദീകരണത്തിൽ പറയുന്നു.