ജൻഡർ ന്യൂട്രാലിറ്റി നടപ്പായാൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും: എം.കെ മുനീർ

ജൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ പറഞ്ഞു. കൂടുതൽ കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. ജൻഡർ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോൾ സ്വവർഗ ലൈംഗികതയിൽ എന്തിനാണ് കേസ് എടുക്കുന്നത്? ആൺകുട്ടികൾ പ്രായപൂർത്തിയായ പുരുഷൻമാരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെങ്കിൽ എന്തിനാണ് കേസെടുക്കേണ്ടതെന്നും എം.കെ മുനീർ ചോദിച്ചു. ഇതിനെതിരെ പ്രതികരിച്ചതിനാൽ തന്നെ ഇസ്ലാമിസ്റ്റാക്കിയാൽ കുഴപ്പമില്ലെന്നും മുനീർ പറഞ്ഞു. കെഎടിഎഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു മുനീർ.

ജൻഡർ ന്യൂട്രൽ യൂണിഫോം ഒരിടത്തും സർക്കാർ അടിച്ചേൽപ്പിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. ത്യലതാ യൂണിഫോം നടപ്പാക്കേണ്ട സ്കൂളുകൾ പി.ടി.എയുമായി കൂടിയാലോചിച്ച് സർക്കാരിനെ അറിയിച്ചാൽ പരിഗണിക്കും. സർക്കാരിന്റെ ഭാഗത്ത് നിന്ന് പ്രത്യേക നിർബന്ധമൊന്നുമില്ല. സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടും തെറ്റിദ്ധാരണ പടരുകയാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.

ഒരു നിലയിലും ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യതാ യൂണിഫോം ആവശ്യമുണ്ടെങ്കിൽ പി.ടി.എ.യോടും സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും കൂടിയാലോചിച്ച് തീരുമാനം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കണം. വിദ്യാഭ്യാസ വകുപ്പ് അത് പരിശോധിച്ച ശേഷമാണ് തീരുമാനമെടുക്കുന്നതെന്നും വി.ശിവൻകുട്ടി പറഞ്ഞു.