ജർമ്മൻ ഇതിഹാസ താരം ഉവെ സീലർ അന്തരിച്ചു

ജർമ്മൻ ഫുട്ബോൾ ഇതിഹാസം ഉവെ സീലർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. 85 വയസ്സായിരുന്നു. 1966-ൽ ജർമ്മൻ ടീമിനെ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച താരമാണ് ഇദ്ദേഹം. മുന്നേറ്റനിര താരമായ അദ്ദേഹം തന്റെ ഓവർ ഹെഡ് കിക്കുകൾക്കും ബുദ്ധിമുട്ടുള്ള ഗോളുകൾക്കും പ്രസിദ്ധനായിരുന്നു. എളിയ സ്വഭാവത്തിനും സത്യസന്ധതയ്ക്കും അദ്ദേഹം പ്രശസ്തനായിരുന്നു.

ജർമ്മൻ ഫുട്ബോളിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി അറിയപ്പെടുന്ന അദ്ദേഹം ജർമ്മൻ ക്ലബ് ഹാംബർഗിൽ നീണ്ട 19 വർഷം കളിച്ചു. 519 മത്സരങ്ങളിൽ നിന്ന് 445 ഗോളുകളാണ് നേടിയത്. ബുണ്ടസ് ലീഗയിൽ ഹാമ്പർഗിന്റെ എക്കാലത്തെയും വലിയ ഗോൾ വേട്ടക്കാരനും 137 ഗോളുകൾ നേടിയ അദ്ദേഹം ആണ്. ജർമ്മൻ ടീമിനായി 16 വർഷം കളിച്ച അദ്ദേഹം 72 മത്സരങ്ങളിൽ നിന്ന് 43 ഗോളുകൾ നേടി. നാല് ലോകകപ്പുകളിൽ കളിച്ച അദ്ദേഹം 1974 ലെ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നില്ല. 1960 കളിലും 1964 ലും 1970 കളിലും അദ്ദേഹം മികച്ച ജർമ്മൻ കളിക്കാരനായിരുന്നു. 1960 ൽ ഹാംബർഗിനായി ലീഗ് കിരീടവും 1963 ൽ ജർമ്മൻ കപ്പും നേടി.