റോട്‌വീലറിനും പിറ്റ്ബുള്ളിനും നിരോധനം ഏർപ്പെടുത്തി ഗാസിയാബാദ്
ഗാസിയാബാദ്: നഗരത്തിൽ വളർത്തുനായ്ക്കളുടെ ആക്രമണം കൂടിയതോടെ ഗാസിയാബാദിൽ കർശന നിയന്ത്രണം. ഇനി മുതൽ ഒരു കുടുംബത്തിന് ഒരു നായയെ മാത്രമേ വളർത്താൻ കഴിയൂ. റോട്‌വീലര്‍, പിറ്റ്ബുള്‍, ഡോഗോ അര്‍ജെന്റീനോ തുടങ്ങിയ നായ്ക്കളെ വളർത്താൻ പ്രദേശവാസികളെ അനുവദിക്കില്ലെന്ന് ഗാസിയാബാദ് നഗരസഭ അറിയിച്ചു. ഇവയുടെ ആക്രമണോത്സുക സ്വഭാവം കണക്കിലെടുത്താണ് നടപടി.
നായ്ക്കളെ വളർത്താനുള്ള ലൈസൻസും കർശനമാക്കിയിട്ടുണ്ട്. നവംബർ ഒന്നുമുതൽ ഇവ വിതരണം ചെയ്യും. ഫ്ലാറ്റുകളിൽ താമസിക്കുന്നവർ വളർത്തുനായ്ക്കളുമായി പുറത്തുപോകുമ്പോൾ സർവീസ് ലിഫ്റ്റ് ഉപയോഗിക്കാനും നിർദ്ദേശമുണ്ട്. നായ്ക്കളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുവരുമ്പോഴും ഉടമകൾ പ്രത്യേകം ശ്രദ്ധിക്കണം.
നിലവിൽ റോട്‌വീലര്‍, പിറ്റ്ബുള്‍, ഡോഗോ അര്‍ജെന്റീനോ ഇനങ്ങൾ ഉള്ളവർ രണ്ട് മാസത്തിനുള്ളിൽ ഇവയെ വന്ധ്യംകരണത്തിന് വിധേയമാക്കണമെന്ന് മേയർ ആശാ ശർമ്മ പറഞ്ഞു. നായ്ക്കൾക്ക് ആറ് മാസം പ്രായമായില്ലെങ്കിൽ, അവ വളര്‍ച്ചയെത്തുമ്പോൾ അവയെ വന്ധ്യംകരിക്കുമെന്ന് ഉടമ സത്യവാങ്മൂലം സമർപ്പിക്കണം. പത്തിലധികം കുട്ടികൾക്ക് അടുത്തിടെ കടിയേറ്റിരുന്നു. റോട്‌വീലര്‍ ആക്രമിച്ച ഖുഷ് ത്യാഗി എന്ന കുട്ടിയുടെ മുഖത്ത് 150 തുന്നലുകൾ വേണ്ടിവന്നു. 4 ദിവസത്തിന് ശേഷം ഇതേ ഇനത്തിൽപ്പെട്ട നായ മറ്റൊരു കുട്ടിയെ ആക്രമിച്ചതായും മേയർ ചൂണ്ടിക്കാട്ടി.