‘കോണ്‍ഗ്രസ് വിട്ടതിന് ശേഷം ഗുലാം നബി ആസാദ് മോദി ഭക്തനായി മാറി’

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിന് ശേഷം ഒരു മോദി ഭക്തനായി മാറുന്ന കാഴ്ചയാണ് കണ്ടതെന്ന് വി.ഡി. സതീശന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു

ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിന് ശേഷം ഒരു മോദി ഭക്തനായി മാറുന്ന കാഴ്ചയാണ് കണ്ടത്. അതാണ് എല്ലാവരെയും ഞെട്ടിച്ചത്. 40 വര്‍ഷക്കാലം കോണ്‍ഗ്രസിന്റെ ഭാഗമായി നിന്ന ഒരാള്‍ മോദി ഭക്തനായി മാറുന്നതിലൂടെ അദ്ദേഹത്തിന്റെ രാജിക്കത്തില്‍ ഒരു പ്രസക്തിയുമില്ലെന്നാണ് മനസിലാകുന്നത്,’ വി.ഡി. സതീശന്‍ പറഞ്ഞു.

കോൺഗ്രസിൽ കുടുംബവാഴ്ചയാണെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ ഗാന്ധി കുടുംബത്തിൽ ആരും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല. അതിനെ അഭിനന്ദിക്കുകയല്ലേ വേണ്ടതെന്നും സതീശന്‍ ചോദിച്ചു.