നിയമിതനായി ഉടൻ നിര്‍ണായക സ്ഥാനം രാജിവച്ച് ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാർട്ടിയിലെ നിർണായക സ്ഥാനത്തേക്ക് നിയമിതനായതിന് തൊട്ടുപിന്നാലെ രാജിവെച്ചു. ദീർഘകാലമായി പാർട്ടിയുടെ ദേശീയ നേതൃത്വവുമായി തർക്കത്തിലായിരുന്ന ഗുലാം നബി ആസാദ് ജമ്മു കശ്മീരിലെ പാർട്ടിയുടെ പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനമാണ് രാജിവെച്ചത്. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും ആസാദ് രാജിവെച്ചു.
കോൺഗ്രസിന്‍റെ അഖിലേന്ത്യാ രാഷ്ട്രീയകാര്യ സമിതി അംഗമായ ആസാദിനെ ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിലേക്ക് നിയമിച്ചത് തരംതാഴ്ത്തലായിട്ടാണ് കാണുന്നതെന്ന് ആസാദിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. ആസാദിന്‍റെ അടുത്ത സുഹൃത്ത് ഗുലാം അഹമ്മദ് മിറിനെയും പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. മിറിന് പകരം വികാർ റസൂൽ വന്നിയെ നിയമിച്ചു.
നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ ഒരാളാണ് ആസാദ്. വോട്ടർപട്ടികയും മണ്ഡലങ്ങളുടെ പുനർനിർണയവും പൂർത്തിയാക്കി ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആസാദ് നിര്‍ണായക സ്ഥാനങ്ങള്‍ രാജിവച്ചത്.