ചാല ബോയ്സ് സ്കൂളിൽ ഇനി പെൺകുട്ടികളും പഠിക്കും

തിരുവനന്തപുരം: ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികളുടെ പ്രവേശനോത്സവം ഇന്ന് നടക്കും. നാല് പതിറ്റാണ്ടിന്‍റെ ഇടവേളയ്ക്ക് ശേഷമാണ് പെൺകുട്ടികൾ ഈ സ്കൂളിൽ പഠിക്കാൻ വരുന്നത്. പ്ലസ് വൺ ക്ലാസുകളാണ് ഇന്ന് ആരംഭിക്കുന്നത്. വിദ്യാർത്ഥികളെ സ്വീകരിക്കാൻ മന്ത്രി ആന്‍റണി രാജു ചടങ്ങിൽ പങ്കെടുക്കും. രാവിലെ 9.30ന് സ്വീകരണം മന്ത്രി ഉദ്ഘാടനം ചെയ്യും. ഫലവൃക്ഷത്തൈകൾ നൽകിയാണ് പെൺകുട്ടികളെ സ്വാഗതം ചെയ്യുന്നത്.

ആകെ 18 പെൺകുട്ടികളാണ് പട്ടികയിലുള്ളത്. ഇതിൽ 12 പേർ പ്രവേശന നടപടികൾ പൂർത്തിയാക്കി. ഇന്നും പ്രവേശനം ഉള്ളതിനാൽ കൂടുതൽ വിദ്യാർത്ഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാല ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ചരിത്രപ്രാധാന്യമുള്ള ഒരു സ്കൂളാണ്. ഇംഗ്ലീഷ്, മലയാളം, തമിഴ് മാധ്യമങ്ങളിൽ പ്രവർത്തിച്ച ഏക സ്കൂളായിരുന്നു ഇത്. കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചപ്പോൾ, അത് ഗേൾസ് സ്കൂൾ, തമിഴ് സ്കൂൾ, ആൺകുട്ടികളുടെ സ്കൂൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരുന്നു. അതാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു മിക്സഡ് സ്കൂളാക്കി മാറ്റുന്നത്.