ആഗോളതലത്തിൽ തിരിച്ചടി; ഗൂഗിളിന്റെ അറ്റാദായത്തില്‍ 27 ശതമാനം ഇടിവ്

ആഗോളതലത്തിൽ തിരിച്ചടി നേരിട്ട് ഗൂഗിൾ. ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 2022 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 13.9 ബില്യൺ ഡോളർ അറ്റാദായമാണ് രേഖപ്പെടുത്തിയത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 27 ശതമാനം കുറവാണ്. അതേസമയം, വരുമാനം 6 ശതമാനം ഉയർന്ന് 69.1 ബില്യൺ ഡോളറിലെത്തി.

ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഗൂഗിളിന്‍റെ പരസ്യ വരുമാനം 54.5 ബില്യൺ ഡോളറായിരുന്നു. മുൻവർഷത്തേക്കാൾ വരുമാനം 1.4 ബില്യൺ ഡോളർ വർദ്ധിച്ചെങ്കിലും പ്രതീക്ഷിച്ച വളർച്ചയുണ്ടായില്ല. കമ്പനികൾ പരസ്യത്തിനായി ചെലവഴിക്കുന്ന പണം വെട്ടിക്കുറച്ചതും ഗൂഗിളിനെ ബാധിച്ചിട്ടുണ്ട്. ക്രിപ്റ്റോ, ഇൻഷുറൻസ്, ഗെയിമിംഗ് എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ നിന്നുള്ള വരുമാനവും കുറഞ്ഞു. ഡോളർ ശക്തിപ്പെട്ടതും കമ്പനിയുടെ പ്രകടനത്തിൽ പ്രതിഫലിച്ചു.

യൂട്യൂബിന്‍റെ പരസ്യവരുമാനം 1.9 ശതമാനം ഇടിഞ്ഞ് 7 ബില്യൺ ഡോളറിലെത്തി. ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമായ ടിക് ടോക്ക് സെപ്റ്റംബറിൽ വീഡിയോകൾക്കിടയിൽ പരസ്യം ചെയ്യാൻ തുടങ്ങിയിരുന്നു. ഇത് യൂട്യൂബിന് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ ഉയർന്ന നിരക്കും ആഗോള സാമ്പത്തിക സാഹചര്യവും പരസ്യ വരുമാനത്തിലെ വളർച്ചയെ ബാധിച്ചതായി ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു.