ഗ്രാമങ്ങളെക്കാൾ നഗരങ്ങളിൽ ആഗോള താപന വർധനവ് വേഗത്തിലെന്ന് പഠനം
ബെയ്ജിങ്: ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ആഗോളതാപനം എന്ന പ്രതിഭാസം ത്വരിതഗതിയിലെന്ന് പഠനങ്ങൾ. ചൈനയിലെ നാൻജിംഗ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഗ്രാമപ്രദേശങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഓരോ ദശകത്തിലും നഗരപ്രദേശങ്ങളിൽ രേഖപ്പെടുത്തിയത് ശരാശരി 0.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ ചൂടാണ്.
ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങൾ ഉഷ്ണ താപ സംഭവങ്ങൾക്ക് കൂടുതൽ വിധേയമാകുന്നതായും പഠനം ചൂണ്ടിക്കാണിക്കുന്നു. സാറ്റലൈറ്റ് ഇമേജറിയിലൂടെയാണ് പഠനം നടത്തിയത്. ലോകമെമ്പാടുമുള്ള 2,000 നഗരങ്ങളുടെ 2002 മുതൽ 2021 വരെയുള്ള കാലയളവാണ് പഠനത്തിനായി തിരഞ്ഞെടുത്തത്.
യുഎസിലെ ഫീനിക്സ്, യുകെയിലെ ലണ്ടൻ തുടങ്ങിയ വലിയ നഗരങ്ങളും പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സാധാരണ നഗരങ്ങളെ അപേക്ഷിച്ച് ഇത്തരം മേഖലകളിൽ ആഗോളതാപനം വേഗത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കമ്മ്യൂണിക്കേഷൻസ് എർത്ത് ആൻഡ് എൻവയോൺമെന്റ എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.