ഗോ ഫസ്റ്റിന് കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് നേരിട്ട് ഫ്‌ളൈറ്റ്

കൊച്ചി: അന്താരാഷ്ട്ര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് ഈ മാസം 28 മുതൽ വിമാന സർവീസുകൾ ആരംഭിക്കും. ആഴ്ചയിൽ മൂന്ന് ദിവസം നേരിട്ടുള്ള വിമാന സർവീസുകൾ ഉണ്ടാകും. ആദ്യ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം രാത്രി 8.05ന് പുറപ്പെട്ട് പ്രാദേശിക സമയം രാത്രി 10.40ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. മടക്കയാത്ര പ്രാദേശിക സമയം രാത്രി 11.40ന് അബുദാബിയിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം പുലർച്ചെ 5.10ന് കൊച്ചിയിലെത്തും.

കൊച്ചിക്കും അബുദാബിക്കുമിടയിൽ ആഴ്ചയിൽ മൂന്ന് വിമാന സർവീസുകളുണ്ടാകും. 15,793 രൂപ റിട്ടേൺ നിരക്കിൽ ബുക്കിംഗ് ആരംഭിച്ചു. കൊച്ചി-അബുദാബി റൂട്ടിൽ ഇരു വശത്തേക്കും നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതോടെ വേനൽക്കാല അവധിക്ക് യു.എ.ഇയും കേരളവും സന്ദർശിക്കാൻ പദ്ധതിയിടുന്ന ബ്ലൂ കോളർ തൊഴിലാളികൾക്കും യാത്രക്കാർക്കും ഇത് പ്രയോജനകരമാകും.

യു.എ.ഇ.യുടെ തലസ്ഥാനം കൂടിയായ അബുദാബി, ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ആധുനിക നഗരങ്ങളിലൊന്നാണ്. യാത്രക്കാർക്ക് ഗോ എയർ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് മൊബൈൽ ആപ്പ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. കേരളത്തിനും അബുദാബിക്കും ഇടയിൽ നിർത്താതെയുള്ള വിമാനങ്ങൾ ഏർപ്പെടുത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും ഈ നഗരങ്ങളിലെ യാത്രക്കാർക്ക് ഇഷ്ടമുള്ള സേവനമായി ഗോ ഫസ്റ്റ് മാറ്റുമെന്നും അന്താരാഷ്ട്ര പ്രവർത്തനങ്ങൾ വികസിപ്പിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുമെന്നും ഗോഫസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൗശിക് ഖോന പറഞ്ഞു.