ഗോവയില്‍ ടൂറിസത്തിന് കരുത്തേകാന്‍ രണ്ടാമത്തെ വിമാനത്താവളം; ചെലവ് 2,870 കോടി

പനാജി: ഞായറാഴ്ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി മോപ അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചു. ഗോവയിലെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായ മോപ വിമാനത്താവളം 2,870 കോടി രൂപ ചെലവിലാണ് പൂർത്തീകരിച്ചത്.

ജനുവരി അഞ്ചിന് പ്രവർത്തനമാരംഭിക്കുന്ന വിമാനത്താവളത്തിന്‍റെ ആദ്യ ഘട്ടത്തിൽ പ്രതിവർഷം 44 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ആധുനിക സാങ്കേതിക വിദ്യകളുടെ പിൻബലമുള്ള അത്യാധുനിക വിമാനത്താവളമാണ് മോപ വിമാനത്താവളം.

മോപ ഇന്‍റർനാഷണൽ എയർപോർട്ടിന്‍റെ സവിശേഷത 3 ഡി മോണോലിത്തിക് പ്രീകാസ്റ്റ് കെട്ടിടങ്ങൾ, റോബോട്ടിക് ഹോളോ പ്രീകാസ്റ്റ് മതിലുകൾ, പ്രോ-5 ജി ഐടി ഇൻഫ്രാസ്ട്രക്ചറുകൾ എന്നിവയാണ്. സമ്പൂർണ സുസ്ഥിര വികസനത്തിന് ഊന്നൽ നൽകുന്ന വിമാനത്താവളത്തിൽ സൗരോർജ്ജ പ്ലാന്‍റ്, ഹരിത കെട്ടിടങ്ങൾ, മഴവെള്ള സംഭരണ പ്ലാന്‍റുകൾ, പുനരുപയോഗിക്കാവുന്ന മലിനജല ശുദ്ധീകരണ പ്ലാന്‍റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. കൂടാതെ, റൺവേയിൽ എഇഡി ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്.