ഗോള്‍ഡ് പ്രദർശനത്തിനെത്തി; ചിത്രത്തിൻ്റെ പ്രൊമോ ഗാനം പുറത്ത്

അല്‍ഫോണ്‍സ് പുത്രന്‍റെ ‘ഗോൾഡ്’ ഇന്ന് മുതൽ തിയേറ്ററുകളിലെത്തും. പൃഥ്വിരാജ്, നയൻതാര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും. സെൻസർഷിപ്പ് വൈകുന്നതിനാൽ തമിഴ് പതിപ്പ് ഡിസംബർ രണ്ടിന് റിലീസ് ചെയ്യും. ക്ലീൻ യു സർട്ടിഫിക്കറ്റുള്ള ചിത്രത്തിന് 2 മണിക്കൂറും 45 മിനിറ്റുമാണ് ദൈർഘ്യം. വളരെയധികം പ്രതീക്ഷകളോടെ എത്തുന്ന ചിത്രത്തിന്‍റെ പ്രമോ ഗാനം ഇന്നലെ രാത്രി പുറത്തിറങ്ങി.

അജ്മൽ അമീറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എട്ട് വർഷം മുമ്പ് റിലീസ് ചെയ്ത ‘പ്രേമ’ത്തിന് ശേഷം നിരവധി പ്രൊജക്ടുകൾ പരിഗണിച്ച് മാറ്റിവച്ച ശേഷമാണ് അൽഫോൺസ് പുത്രൻ പൃഥ്വിരാജ് സിനിമയിലേക്ക് തിരിച്ചെത്തിയത്.

ചിത്രത്തിന്‍റെ തിരക്കഥ, എഡിറ്റിംഗ്, വിഎഫ്എക്സ്, കളർ മിക്സിംഗ് എന്നിവയും നിര്‍വഹിക്കുന്നത് അല്‍ഫോണ്‍സ് പുത്രനാണ്. ദക്ഷിണേന്ത്യയിലും വിദേശ വിപണികളിലും മികച്ച റിലീസാണ് ചിത്രത്തിന് ലഭിക്കുന്നത്.