സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി
സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ കാപ്പ റദ്ദാക്കി. കാപ്പ അഡ്വൈസറി ബോർഡിൻ്റേതാണ് തീരുമാനം. 2017ന് ശേഷം കേസുകളില്ലെന്നും മുൻ കേസുകൾ സിപിഐഎം പ്രവർത്തകനായിരുന്ന കാലത്താണെന്നും കാണിച്ച് അർജുൻ ആയങ്കി നൽകിയ അപ്പീൽ പരിഗണിച്ചാണ് നടപടി. 2017ന് ശേഷം അർജുനെതിരെ മറ്റ് കേസുകളൊന്നുമില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരുന്നില്ലെന്നും ഗുണ്ടാ നിയമത്തിന്‍റെ പരിധിയിൽ വരാൻ മതിയായ കാരണങ്ങൾ ഇല്ലെന്നും ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ മാസമാണ് അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. ആറ് മാസത്തേക്കാണ് ഇയാൾക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരമാണ് റേഞ്ച് ഡിഐജി ഉത്തരവിറക്കിയത്. സ്വർണ്ണക്കടത്ത്, ക്വട്ടേഷൻ കേസുകളിൽ ഉൾപ്പെട്ട അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ്, കാപ്പ ചുമത്താൻ സിറ്റി പൊലീസ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കും ശുപാർശ ചെയ്തത്.
സൈബർ സഖാവായി പ്രവർത്തിക്കുമ്പോഴും ഡി.വൈ.എഫ്.ഐക്കെതിരെ സൈബർ യുദ്ധം നടത്തുന്നതിൽ അർജുൻ ആയങ്കി മുൻപന്തിയിലായിരുന്നു. ഓപ്പറേഷൻ കാവലിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്മീഷണർ നേരത്തെ വ്യക്തമാക്കിയിരുന്നു.