സ്വര്‍ണം തട്ടിയെടുക്കല്‍; എല്ലാം നിയന്ത്രിക്കുന്നത് അര്‍ജുന്‍ ആയങ്കി

കൊണ്ടോട്ടി: കരിപ്പൂരിലെ സ്വർണം ‘പൊട്ടിക്കല്‍’ കേസിൽ അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത് കൃത്യമായ തെളിവോടെ. ഗൾഫിൽ നിന്ന് ഒരാൾ സ്വർണവുമായി വരുന്നുണ്ടെന്നും മറ്റ് ചിലർ കരിപ്പൂരിലേക്ക് സ്വർണ്ണം വാങ്ങാൻ വരുന്നുണ്ടെന്നും ആയങ്കിക്ക് കൃത്യമായ വിവരം ലഭിച്ചു. വാങ്ങാനെത്തുന്നവര്‍ സ്വര്‍ണം കൈപ്പറ്റുമ്പോള്‍ അത് തട്ടിക്കൊണ്ട് പോവുകയായിരുന്നു ലക്ഷ്യം. അർജുൻ ഇരുവരുമായും നിരന്തരം ബന്ധപ്പെട്ടിരുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞു. ഇതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അർജുൻ ആയങ്കിയാണ് എല്ലാം നിയന്ത്രിച്ചിരുന്നത്. കേസിൽ ഒരേ ദിവസം അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി എസ്.പി പറഞ്ഞു. കവർച്ച നടത്താൻ ഗൂഢാലോചന നടത്തിയതിന് ഐപിസി സെക്ഷൻ 399 പ്രകാരമാണ് അർജുനെതിരെ കേസെടുത്തിരിക്കുന്നത്. പത്ത് വര്‍ഷം വരെ കഠിന തടവും പിഴയും ലഭിക്കുന്ന കുറ്റമാണ്. കാക്കനാട് വീടെടുത്ത് സംഘങ്ങളുമായി ഇവിടെ ഒത്തുകൂടിയാണ് കേരളത്തിലെ മിക്ക സ്വര്‍ണതട്ടിപ്പ് കേസിലും ഇവര്‍ പദ്ധതിയിടുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം വെമ്പായം സ്വദേശിയായ മറ്റൊരാളേയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പയ്യന്നൂരിലെ പാർട്ടി ഗ്രാമമായ പെരിങ്ങയിൽ ഒളിവിൽ കഴിയവെയാണ് അർജുൻ ആയങ്കിയെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കേസിലെ ഒന്നാം പ്രതിയാണ്.