സ്വർണക്കടത്ത് കേസ്: ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചേക്കും
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിൻറെ ആരോപണങ്ങൾ സംബന്ധിച്ച് കെ.ടി ജലീൽ നൽകിയ പരാതിയിൽ പൊലീസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചേക്കും. കേസിൽ സ്വപ്ന സുരേഷിനും പി.സി ജോർജിനുമെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗൂഡാലോചന, കലാപശ്രമം എന്നീ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിൻറെ ഏറ്റവും പുതിയ ആരോപണം മുൻ മന്ത്രി കെ.ടി ജലീൽ ഉൾപ്പെടെയുള്ള മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയായിരുന്നു. സംഭവം വിവാദമായതോടെ മുൻ മന്ത്രി കെ.ടി ജലീൽ പരാതിയുമായി കൻറോൺമെൻറ് പൊലീസിനെ സമീപിച്ചു. പരാതിയിൽ പൊലീസ് കേസെടുത്തു. രണ്ട് മാസം മുമ്പ് പ്രതികൾ കണ്ടുമുട്ടിയിരുന്നുവെന്നും ഇരുവരുടെയും ഗൂഢാലോചനയാണ് വെളിപ്പെടുത്തലിൻ പിന്നിലെന്നും എഫ്ഐആറിൽ പറയുന്നു. സ്വപ്നയെയും പിസി ജോർജിനെയും ഉടൻ ചോദ്യം ചെയ്യും. നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
ഐപിസി 120 ബി (ഗൂഢാലോചന), സെക്ഷൻ 153 (കലാപ ശ്രമം) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാനനഷ്ടക്കേസ് രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യമുയർന്നെങ്കിലും നിയമപരമായി പൊലീസിൻ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. മാനനഷ്ടക്കേസിൽ പരാതിക്കാരൻ കോടതിയെ സമീപിക്കാം. കേസിൽ ഇന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചേക്കും.