20 ലക്ഷം ദിർഹം ആസ്തിയുള്ള നിക്ഷേപകർക്ക് യുഎഇയിൽ ഗോൾഡൻ വിസ

ദുബായ്: എമിറേറ്റിൽ 2 ദശലക്ഷം ദിർഹമോ അതിൽ കൂടുതലോ ആസ്തിയുള്ള നിക്ഷേപകർക്ക് ഒക്ടോബർ മുതൽ ഗോൾഡൻ വിസ അനുവദിക്കുമെന്ന് വ്യാപാര മേഖലയിലെ വൃത്തങ്ങൾ അറിയിച്ചു. വിവിധ നിർമ്മാണ കമ്പനികൾ കൂടുതൽ ആസ്തികൾ വിൽക്കാൻ പദ്ധതിയിടുന്നതിനാൽ, ഗോൾഡൻ വിസ ലഭിക്കുന്നത് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ.

അടുത്ത മാസം 3 മുതൽ പുതുതായി അവതരിപ്പിച്ച ഗ്രീൻ വിസകളും മൾട്ടിപ്പിൾ എൻട്രി വിസകളും നടപ്പാക്കുന്നതിനൊപ്പം നിക്ഷേപകർക്ക് ഗോൾഡൻ വിസയും ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ അഞ്ച് വർഷത്തെ കാലാവധിയുള്ള ഗ്രീൻ വിസകൾക്കും മൾട്ടിപ്പിൾ എൻട്രി വിസകൾക്കും വേണ്ടിയുള്ള അന്വേഷണങ്ങളുമായി ധാരാളം ആളുകൾ എത്തുന്നുണ്ടെന്നാണ് ഏജന്‍റുമാർ പറയുന്നത്.

മൾട്ടിപ്പിൾ എൻട്രി വിസയ്ക്കായി ഫ്രീലാൻസറായി ജോലി ചെയ്യുന്നവരും മറ്റ് രാജ്യങ്ങളിലെ കമ്പനികളിൽ ജോലി ചെയ്യുന്നവരുമാണ് അന്വേഷിക്കുന്നത്. ഈ വിസ ലഭിച്ചാൽ അവർക്ക് യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും കഴിയുമെന്നതാണ് പലരെയും ആകർഷിക്കുന്നത്. സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ അഞ്ച് വർഷം വരെ ജോലി ചെയ്യാനും യുഎഇയിൽ താമസിക്കാനും ഗ്രീൻ വിസ അനുവദിക്കുന്നു. സ്വയംതൊഴിൽ, ഫ്രീലാൻസ് ജോലികൾ, വിദഗ്ധ തൊഴിലാളികൾ എന്നിവർക്കാണ് അഞ്ച് വർഷത്തെ ഗ്രീൻ വിസ പ്രധാനമായും നൽകുക. വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് അഞ്ച് വർഷത്തേക്കുള്ള വിസ ലഭിക്കാൻ കുറഞ്ഞത് ബിരുദം ആവശ്യമാണ്. ഇത് രണ്ട് വർഷത്തേക്കും മൂന്ന് വർഷത്തേക്കും മാത്രമേ ലഭ്യമായിരുന്നുള്ളൂ. കൂടുതൽ എളുപ്പത്തിൽ വിസ ലഭിക്കുന്നത് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്ന് അധികൃതർ കണക്കാക്കുന്നു.