ജയിലിൽ നല്ലനടപ്പ്; വീരപ്പന്റെ കൂട്ടാളികള്‍ ജയില്‍ മോചിതരായി

കോയമ്പത്തൂര്‍: വീരപ്പന്‍റെ രണ്ട് കൂട്ടാളികൾ 25 വർഷത്തിന് ശേഷം ജയിൽ മോചിതരായി. വീരപ്പന്‍റെ സഹായികളായ പെരുമാൾ, ആണ്ടിയപ്പന്‍ എന്നിവരെ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ നിന്ന് തിങ്കളാഴ്ചയാണ് വിട്ടയച്ചത്. കൊലക്കേസിൽ പ്രതികൾക്ക് 32 വർഷം കഠിനതടവാണ് വിധിച്ചിരുന്നത്. 25 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയ ശേഷം നല്ല പെരുമാറ്റമാണെന്ന് വിലയിരുത്തിയ ശേഷമാണ് വിട്ടയച്ചത്.

1987 ജൂലൈയിൽ സത്യമംഗലം-അന്തിയൂർ റോഡിൽ ഗുണ്ടേരിപ്പള്ളം അണയ്ക്ക് സമീപം റേഞ്ചർ ചിദംബരനാഥൻ ഉൾപ്പെടെ മൂന്ന് വനപാലകരെ വീരപ്പൻ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. മേട്ടൂർ കരുമലൈകൂടല്‍ സ്വദേശികളായ മാതയ്യന്‍, പെരുമാൾ, ആണ്ടിയപ്പന്‍ എന്നിവരാണ് ഈ കേസിൽ ശിക്ഷിക്കപ്പെട്ടത്.

ഇവരിൽ വീരപ്പന്‍റെ സഹോദരൻ മാതയ്യന്‍ മെയ് മാസത്തിൽ സേലത്ത് ചികിത്സയിലിരിക്കെ മരിച്ചു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്കൊപ്പം ഇവരെയും മോചിപ്പിക്കാൻ സർക്കാർ ശുപാർശ ചെയ്തിരുന്നു. ഇത് ഗവർണർ അംഗീകരിക്കുകയും മോചനത്തിന് വഴിയൊരുങ്ങുകയും ചെയ്തു.