ആരാധർക്ക് ആശ്വാസവാർത്ത: പോൾ പോ​ഗ്ബയ്ക്ക് ലോകകപ്പ് നഷ്ടമാകില്ല

ഫ്രഞ്ച് സൂപ്പർ താരം പോൾ പോഗ്ബയ്ക്ക് ലോകകപ്പ് നഷ്ടമാകില്ല. അടുത്തിടെ പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയ ആവശ്യമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഏകദേശം രണ്ട് മാസത്തിന് ശേഷം പോഗ്ബയ്ക്ക് കളിക്കളത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന് സൂചനയുണ്ട്.

29കാരനായ പോഗ്ബ ഇത്തവണ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഇറ്റാലിയൻ സൂപ്പർ ക്ലബ്ബായ യുവന്‍റസിലേക്ക് തിരികെയെത്തിയിരുന്നു. അമേരിക്കയിൽ ക്ലബിനൊപ്പം പ്രീ-സീസൺ പര്യടനത്തിനിടെയാണ് പോഗ്ബയ്ക്ക് പരിക്കേറ്റത്. പരിശീലനത്തിനിടെ പോഗ്ബയുടെ വലത് കാൽമുട്ടിനാണു പരിക്കേറ്റത്. താരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വരുമെന്നും മാസങ്ങളോളം പുറത്ത് ഇരിക്കേണ്ടി വരുമെന്നുമായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ലോകകപ്പിൽ പോഗ്ബയ്ക്ക് നഷ്ടമാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

തുടർന്നുള്ള പരിശോധനകൾക്ക് ശേഷമാണ് പോഗ്ബയ്ക്ക് ശസ്ത്രക്രിയ ആവശ്യമില്ലെന്ന് വ്യക്തമായത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, പോഗ്ബയ്ക്ക് അഞ്ച് ആഴ്ചത്തെ തെറാപ്പി മതിയാകും. പുതിയ സീരി എ സീസണിന്‍റെ തുടക്കം നഷ്ടമാകുമെങ്കിലും സെപ്റ്റംബർ അവസാനത്തോടെ പോഗ്ബ കളിക്കളത്തിലേക്ക് മടങ്ങിയെത്താനാണ് സാധ്യത.