മോഷ്ടിച്ച രേഖകള്‍ തിരിച്ചെത്തിച്ച് ‘നന്മയുളള’ കള്ളന്‍

പുല്ലൂര്‍: ബാഗിലെ പണം മോഷ്ടിച്ച് വിലപ്പെട്ട രേഖകള്‍ തിരിച്ചെത്തിച്ച ‘നന്മയുള്ള’ ഒരു കള്ളനാണ് പുല്ലൂരിലെ ചര്‍ച്ചയാകുന്നത്. പൊള്ളക്കട സ്വദേശിയായ പലചരക്ക് വ്യാപാരി എം ഗോവിന്ദനാണ് ചൊവ്വാഴ്ച രാത്രി കട അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങവെ കവര്‍ച്ചയ്ക്കിരയായത്. ഹെൽമെറ്റ് ധരിച്ച് പഴം വാങ്ങാനെത്തിയ യുവാവ് ഗോവിന്ദന്‍റെ 4800 രൂപയും പുതിയ വീടിന്‍റെ താക്കോലും രേഖകളും മോഷ്ടിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

രാത്രി എട്ടുമണിയോടെ കടയിലേക്ക് ബൈക്കിലെത്തിയ സംഘം സിഗരറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങിയിരുന്നു. രാത്രി ഒന്‍പതോടെ കട പൂട്ടാനൊരുങ്ങവെ വീണ്ടുമെത്തിയ ഇവർ ഒരുകിലോ പഴം ആവശ്യപ്പെടുകയായിരുന്നു. പഴം അരിഞ്ഞ് തൂക്കി നല്‍കുന്ന തിരക്കിലായിരുന്നു ഗോവിന്ദന്‍. ആ സമയത്ത് സമീപത്തെ ട്രേയിലിരുന്ന ബാഗെടുത്ത മോഷ്ടാക്കള്‍ കാസര്‍കോട് ഭാഗത്തേക്ക് അമിതവേഗത്തില്‍ ബൈക്ക് ഓടിച്ച് പോയി.

പണവും രേഖകളും പോയ വിഷമത്തിൽ ബുധനാഴ്ച രാവിലെ കടയിലെത്തിയ ഗോവിന്ദന്‍ കണ്ടത് ഇരുമ്പ് ഗ്രില്‍സിന്റെ വാതില്‍ പിടിയില്‍ തൂങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് സഞ്ചിയാണ്. മോഷ്ടിക്കപ്പെട്ട ബാഗും രേഖകളുമായിരുന്നു സഞ്ചിക്കുള്ളിൽ. ഹെല്‍മെറ്റ് ധരിച്ച രണ്ടുപേര്‍ രാവിലെ പത്തരയോടെ ബൈക്കില്‍ വീണ്ടുമെത്തുന്നതും കടയില്‍ കയറുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അമ്പലത്തറ പോലീസ് അന്വേഷണം ആരംഭിച്ചു.