കാലാവസ്ഥാ നിരീക്ഷക അന്ന മണിയുടെ 104-ാം ജന്മവാർഷികം ആഘോഷിച്ച് ഗൂഗിൾ ഡൂഡിൽ

ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥാ നിരീക്ഷകയുമായ അന്ന മണിയുടെ 104-ാം ജന്മവാർഷികം ഗൂഗിൾ ഡൂഡിൽ പ്രത്യേക ഗ്രാഫിക്സോടെ ആഘോഷിച്ചു. രാജ്യത്തെ ആദ്യത്തെ വനിതാ ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു അന്ന. അവരുടെ ജീവിത പ്രവർത്തനങ്ങളും ഗവേഷണങ്ങളും കൃത്യമായ കാലാവസ്ഥാ പ്രവചനങ്ങൾ നടത്താൻ ഇന്ത്യയ്ക്ക് സഹായകമാവുകയും പുനരുപയോഗ ഊർജ്ജം പ്രയോജനപ്പെടുത്തുന്നതിന് രാജ്യത്തിന് അടിത്തറയിടുകയും ചെയ്തു.

അന്ന മണി 1918 ഓഗസ്റ്റ് 23 ന് കേരളത്തിൽ (അന്ന് തിരുവിതാംകൂർ എന്നറിയപ്പെട്ടിരുന്നു) ജനിച്ചു. ഒരു കടുത്ത വായനക്കാരിയായിരുന്ന അന്ന 12-ാം വയസ്സിൽ തന്‍റെ പബ്ലിക് ലൈബ്രറിയിലെ മിക്കവാറും എല്ലാ പുസ്തകങ്ങളും വായിച്ചിരുന്നു!

ഹൈസ്കൂളിനു ശേഷം, വിമൻസ് ക്രിസ്ത്യൻ കോളേജിൽ (ഡബ്ല്യുസിസി) ഒരു ഇന്‍റർമീഡിയറ്റ് സയൻസ് കോഴ്സ് പൂർത്തിയാക്കിയ അന്ന മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ഓണേഴ്സോടെ ബാച്ചിലർ ഓഫ് സയൻസ് പൂർത്തിയാക്കി. ബിരുദത്തിന് ശേഷം ഒരു വർഷം ഡബ്ല്യുസിസിയിൽ അദ്ധ്യാപനം നടത്തിയ അന്ന ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബിരുദാനന്തര ബിരുദ പഠനത്തിന് സ്കോളർഷിപ്പ് നേടി. നൊബേൽ സമ്മാനജേതാവ് സർ സി.വി.രാമന്‍റെ മാർഗനിർദേശപ്രകാരം വജ്രങ്ങളിലും രത്നങ്ങളിലും പ്രാവീണ്യം നേടുകയും സ്പെക്ട്രോസ്കോപ്പി പഠിക്കുകയും ചെയ്തു.