ആപ്പിള്‍ മുതലാളിയെ ട്രോളി എട്ടിന്‍റെ പണി കിട്ടി ഗൂഗിള്‍!

ന്യൂയോര്‍ക്ക്: ആപ്പിൾ സിഇഒ ടിം കുക്കിനെ ട്രോളാൻ ശ്രമിച്ച ഗൂഗിളിന് എട്ടിന്‍റെ പണി. ടിം കുക്കിനെ പരിഹസിച്ച ഗൂഗിൾ പിക്സലിന്‍റെ ട്വീറ്റാണ് ചതിച്ചത്. ഗൂഗിൾ പിക്സലിന്‍റെ തെറ്റ് ട്വിറ്ററിൽ വൈറലാകുകയും ഗൂഗിളിന് തിരിച്ചടിയാകുകയും ചെയ്തു.

‘ടേക്ക് നോട്ട്’ എന്ന ഹാഷ്ടാഗിനൊപ്പം ആപ്പിളിന്‍റെ അടുത്ത ഉൽപ്പന്നങ്ങൾ ലോഞ്ച് ചെയ്യുന്നതിന്‍റെ പ്രമോഷണൽ വീഡിയോ ടിം കുക്ക് ട്വീറ്റ് ചെയ്തു. ഈ ഹാഷ്ടാഗ് മുമ്പ് എൻബിഎയുടെ ഫ്രാഞ്ചൈസിയായ യൂട്ടാ ജാസ് ഉപയോഗിച്ചിരുന്നു. ആപ്പിൾ പ്രഖ്യാപനങ്ങളിൽ ഹാഷ്ടാഗ് ഉപയോഗിച്ചതിന് യൂട്ടാ ജാസ് ഉടമ റയാൻ സ്മിത്തും കുക്കിനെ വിമർശിച്ചു.

ഇതില്‍ പക്ഷം പിടിച്ച് ടിം കുക്കിനെ ഒന്ന് ട്രോളാം എന്ന് കരുതിയാണ്, യൂട്ടാ ജാസ് വിവാദത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് കുക്കിന്‍റെ ട്വീറ്റിന് ഗൂഗിൾ പിക്സൽ മറുപടി നൽകിയത്. “ഹും ഓക്കേ, ഐ സീ യു. #ടേക്ക് നോട്ട്. നിങ്ങളുടെ പ്രിയപ്പെട്ട ടീമുമായി നിങ്ങളെ കൂടുതൽ അടുപ്പിക്കാൻ #TeamPixel ഇവിടെയുണ്ട്- നിങ്ങളുടേത് ഞങ്ങളോട് പറയൂ, നിങ്ങളുടെ NBA ടിപ്പ്-ഓഫ് കൂടുതൽ മികച്ചതാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കും,” ഗൂഗിൾ പിക്സലിന്റെ ഔദ്യോഗിക ഹാൻഡിൽ ട്വീറ്റ് ചെയ്തു.

എന്നാല്‍ ആപ്പിൾ ഐഫോൺ ഉപയോഗിച്ചാണ് ട്വീറ്റ് ചെയ്തതെന്ന് ട്വിറ്റർ ഉപയോക്താക്കൾ അപ്പോള്‍ തന്നെ കണ്ടുപിടിച്ചു. ട്വിറ്റർ വെബ് ആപ്പ് ഉപയോഗിച്ച് അയച്ച ട്വീറ്റ് ഉടന്‍ തന്നെ ഗൂഗിള്‍ പിക്സല്‍ ഡിലീറ്റ് ചെയ്ത് പകരം മറ്റൊരു ട്വീറ്റ് ഇട്ടെങ്കിലും ആളുകൾ സ്‌ക്രീൻഷോട്ടുകൾ എടുത്തിരുന്നു. ഇതോടെ ആപ്പിളിനെ ട്രോളാന്‍ പോയി ഗൂഗിളിന് എട്ടിന്‍റെ പണികിട്ടി.