ബാറ്ററിയും ഡാറ്റയും തീർക്കുന്ന 16 ആപ്പുകളെ ഒഴിവാക്കി ​ഗൂ​ഗിൾ പ്ലേ സ്റ്റോർ

ഗൂഗിൾ പ്ലേ സ്റ്റോർ ഡാറ്റ വേഗത്തിൽ തീർന്നുപോകാനും ബാറ്ററി ഡ്രെയിൻ ഉണ്ടാക്കാനും കാരണമാകുന്ന ആപ്ലിക്കേഷനുകൾ ഒഴിവാക്കി. ഗൂഗിൾ പ്ലേ സ്റ്റോർ ഇത്തരത്തിലുള്ള 16 ആപ്ലിക്കേഷനുകൾ നീക്കം ചെയ്തു.  റിപ്പോർട്ടുകൾ പ്രകാരം ഈ ആപ്പുകൾക്ക്, നീക്കം ചെയ്യുന്നതിന് മുമ്പ് മൊത്തം 20 ദശലക്ഷം ഇൻസ്റ്റാളേഷനുകൾ ഉണ്ടായിരുന്നു. ആർസ് ടെക്നിക്കയുടെ റിപ്പോർട്ട് അനുസരിച്ച്, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് മക്കാഫി കണ്ടെത്തിയ 16 ആപ്ലിക്കേഷനുകളാണ് നീക്കം ചെയ്തത്. 

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും ടാബ്ലറ്റുകളിലും മുമ്പ് ഡൗൺലോഡ് ചെയ്യാൻ ലഭ്യമായിരുന്ന ആപ്ലിക്കേഷനുകൾ യൂട്ടിലിറ്റി ആപ്ലിക്കേഷനുകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്.  ബുസാൻബസ്, ജോയ്കോഡ്, കറൻസി കൺവെർട്ടർ, ഹൈ-സ്പീഡ് ക്യാമറ, സ്മാർട്ട് ടാസ്ക് മാനേജർ, ഫ്ലാഷ് ലൈറ്റ് +, കെ-ഡിക്ഷണറി, ക്വിക്ക് നോട്ട്, ഇസെഡ്ഡിക്ക, ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഡൗൺലോഡർ, ഇസെഡ് നോട്ട്സ് എന്നിവ യൂട്ടിലിറ്റി ആപ്ലിക്കേഷനുകളിൽ ഉൾപ്പെടുന്നു. ഈ ആപ്ലിക്കേഷനുകൾ ഒരിക്കൽ തുറന്നുകഴിഞ്ഞാൽ, കോഡ് ഡൗൺലോഡ് ചെയ്യപ്പെടും. ലിങ്കുകളിലും പരസ്യങ്ങളിലും ക്ലിക്കുചെയ്യാതെയും ഉപയോക്താവിനെ അറിയിക്കാതെയും വെബ് പേജുകൾ തുറക്കുന്നതിനുള്ള അറിയിപ്പുകൾ ലഭിക്കുമെന്നും മക്കാഫി കണ്ടെത്തി. ഇത് ഒരുതരം പരസ്യ വഞ്ചനയാണ്. 

സുരക്ഷാ സ്ഥാപനത്തിന്‍റെ കണ്ടെത്തലുകൾ അനുസരിച്ച്, നീക്കം ചെയ്ത ആപ്പുകൾ ലിങ്കുകളിലും പരസ്യങ്ങളിലും ക്ലിക്കുചെയ്യാൻ അനുവദിക്കുന്നത് “com.liveposting”, “com.click.cas” എന്നീ ആഡ്‌വെയർ കോഡുകളാണെന്ന് കണ്ടെത്തി. ഒരു ഉപയോക്താവിന്‍റെ അറിവില്ലാതെ ഇത് സംഭവിക്കാം. ഇത് അമിത ബാറ്ററി ഉപയോഗത്തിലേക്കും നെറ്റ്‌വർക്ക് ഉപയോഗം വർദ്ധിപ്പിക്കുന്നതിലേക്കും നയിക്കുന്നു. പ്ലേ സ്റ്റോറിൽ നിന്ന് എല്ലാ ആപ്ലിക്കേഷനുകളും നീക്കം ചെയ്തിട്ടുണ്ടെന്നും പ്ലേ പ്രൊട്ടക്ട് ഉപയോക്താക്കളുടെ ഉപകരണങ്ങളിൽ ഈ ആപ്ലിക്കേഷനുകൾ തടയുമെന്നും ഗൂഗിൾ അറിയിച്ചു. എന്നിരുന്നാലും, ഗൂഗിളിന്‍റെ സുരക്ഷയെ മറികടക്കാൻ അവർ ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.