ഗോതബയ രജപക്‌സെ ശ്രീലങ്കയില്‍ തിരിച്ചെത്തി;വരവേറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയോടെ ഉടലെടുത്ത ജനരോഷം ഭയന്ന് രാജ്യം വിടാൻ നിർബന്ധിതനായ മുൻ ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രജപക്സെ നാട്ടിലേക്ക് തിരിച്ചെത്തി. ഏഴാഴ്ചക്കാലം ശ്രീലങ്കയിൽ നിന്ന് വിട്ടുനിന്ന ശേഷമാണ് പ്രസിഡന്‍റ് മടങ്ങിയെത്തിയത്.

രജപക്സെ നടന്നുപോകുന്ന വഴിയിൽ പൂക്കൾ വിതറിയും പൂച്ചെണ്ട് നൽകിയുമാണ് പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ പ്രകോപിതരായ ജനം പ്രസിഡന്‍റിന്‍റെ വസതി ഉൾപ്പെടെ കീഴടക്കിയിരുന്നു. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അന്താരാഷ്ട്ര നാണയ നിധിയിൽ (ഐഎംഎഫ്) നിന്ന് 2.9 ബില്യൺ ഡോളർ ധനസഹായം ലഭിച്ചതിന് പിന്നാലെയാണ് മുൻ പ്രസിഡന്‍റിന്‍റെ മടങ്ങിവരവ്.