ഗോത്രസാരഥി പദ്ധതി മുടങ്ങി; ആദിവാസി കുട്ടികളുടെ പഠനത്തിൽ ആശങ്ക

ഇടുക്കി: ഇടുക്കിയിൽ വനത്തിലും പരിസരത്തും താമസിക്കുന്ന ആദിവാസി കുട്ടികളെ സ്കൂളിൽ എത്തിക്കാനുള്ള ഗോത്രസാരഥി പദ്ധതി മുടങ്ങി. നാല് മാസമായി കരാർ പ്രകാരമുള്ള തുക ലഭിക്കാത്തതിനാൽ വാഹന ഉടമകൾ സർവീസ് നിർത്തിയതാണ് കാരണം. ജില്ലയിൽ ആയിരത്തിലധികം കുട്ടികളെ നേരിട്ട് ബാധിക്കുന്ന പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്ന് പട്ടികവർഗ വകുപ്പ് അറിയിച്ചു.

ദുർഘടമായ പ്രദേശങ്ങളിലെ ആദിവാസി കുട്ടികളെ വാഹനങ്ങളിൽ സ്കൂളിൽ എത്തിക്കുന്നതിനായി 2013 ലാണ് ഗോത്രസാരഥി പദ്ധതി ആരംഭിച്ചത്. ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിക്ക് പട്ടികവർഗ വകുപ്പാണ് നേതൃത്വം നൽകുന്നത്. വാഹനങ്ങളുടെ വാടക പട്ടികവർഗ വകുപ്പ് അതത് സ്കൂളുകൾ വഴി മാസാവസാനം നൽകും.

ഇടുക്കിയിലെ 50 ലധികം സ്കൂളുകളിലെ ആയിരത്തിലധികം കുട്ടികൾക്കാണ് ഇതിന്‍റെ പ്രയോജനം ലഭിച്ചത്. എന്നാൽ ഇപ്പോൾ മിക്ക സ്ഥലങ്ങളിലും വാഹനങ്ങൾ നിർത്തിയ മട്ടാണ്. കഴിഞ്ഞ 4 മാസമായി പട്ടികവർഗ വകുപ്പ് വാഹന വാടക തുക നൽകാത്തതാണ് ഇതിന് കാരണം. വാഹനങ്ങൾ ഓടാത്തതിനാൽ, പല ഗ്രാമങ്ങളിൽ നിന്നുള്ള കുട്ടികളും കിലോമീറ്ററുകൾ അകലെയുള്ള സ്കൂളുകളിലേക്കുള്ള യാത്ര നിർത്തി. ഗോത്രസാരഥി പദ്ധതി പ്രകാരം വാഹനങ്ങളുടെ കുടിശ്ശിക നൽകാനുണ്ടെന്ന് പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.